യുഎസ് കാപ്പിറ്റോൾ മന്ദിരത്തിൽ അക്രമം അഴിച്ചുവിട്ട് ട്രംപ് അനുകൂലികൾ. കാപ്പിറ്റോൾ കെട്ടിടത്തിൽ മുദ്രവാക്യം വിളിച്ചെത്തിയ ഇവർ ബാരിക്കേഡുകൾ തകർത്ത് അകത്ത് പ്രവേശിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. സംഘർഷത്തിനിടെ നടന്ന വെടിവെയ്പ്പിൽ ഒരു സ്ത്രി കൊല്ലപ്പെട്ടു. നിയുക്ത പ്രസിഡൻ്റ് ജോ ബെെഡൻ്റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിൻ്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിന് ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിൻ്റെ അകത്തുകടന്നത്. കോൺഗ്രസിൻ്റെ നടപടികൾ നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ആയുധധാരികളായ നൂറ്കണക്കിന് ട്രംപ് അനുകൂലികൾ അക്രമം അഴിച്ചുവിട്ടത്.
കണ്ണീർവാതകം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പൊലീസ് ഒഴിപ്പിച്ചത്. വാഷിങ്ടണിലേക്ക് മാർച്ച് നടത്തണമെന്നും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കരുതെന്നും നേരത്തെ ട്രംപ് ആഹ്വാനം ചെയ്തിരുന്നു. ജോ ബെെഡൻ്റെ വിജയം സ്ഥിരീകരിക്കുന്നത് തടയാൻ അക്രമികൾ ഇലക്ട്രൽ കോളേജ് വോട്ടെണ്ണുന്നത് തടയുകയാണ്. അമേരിക്കൻ ചരിത്രത്തിലാദ്യമായാണ് വാഷിങ്ടൺ ഡി.സിയിൽ ഇത്ര ഗൌരവമായ സുരക്ഷാ ലംഘനങ്ങൾ നടക്കുന്നത്. സെനറ്റർമാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.
പ്രതിഷേധക്കാരോട് സമാധാനം പാലിക്കാൻ അഭ്യർഥിച്ച ട്രംപ് ജോ ബെെഡൻ്റെ വിജയം അംഗീകരിക്കില്ലെന്ന് ആവർത്തിച്ചു. ഇതിനിടെ ഡൊണാൾഡ് ട്രംപിൻ്റെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചു. ട്വിറ്റർ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് 12 മണിക്കൂർ നേരത്തേക്കാണ് നടപടി. ട്വിറ്റർ നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യുമെന്നും ട്വിറ്റർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫേസ്ബുക്ക് അക്കൗണ്ടും താൽകാലികമായി മരവിപ്പിച്ചു. ട്രംപ് അനുകൂലികളെ അഭിസംഭോധന ചെയ്ത് സംസാരിക്കുന്ന ട്രംപിൻ്റെ വിഡിയോ ഫെയ്സ്ബുക്കും യൂട്യൂബും നീക്കം ചെയ്തിട്ടുണ്ട്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനെ കുറിച്ച് ട്രംപ് നടത്തിയ അടിസ്ഥാന രഹിതമായ പരാമർശങ്ങളാണ് കാപ്പിറ്റോളിലെ അക്രമണത്തിന് വഴിവെച്ചതെന്ന നിഗമനത്തിലാണ് ഈ തീരുമാനം.
അക്രമണത്തെ നിയുക്ത പ്രസിഡൻ്റ് ജോ ബെെഡൻ അപലപിച്ചു. അമേരിക്കയിൽ അരങ്ങേറിയത് കലാപമാണെന്ന് അദ്ദേഹം പറഞ്ഞു. ട്രംപ് നേരിട്ടെത്തി ജനങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
content highlights: Trump blocked by Twitter and Facebook