വാഷിങ്ടണ്‍: അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന് സ്ഥാനമേല്‍ക്കുന്ന ജനുവരി 20 ന് അമേരിക്കയില്‍ സായുധ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയെന്ന് എഫ്.ബി.ഐ മുന്നറിയിപ്പ്. അമേരിക്കയില്‍ ട്രംപ് അനുകൂലികള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്കും കലാപങ്ങള്ക്കുമിടെയാണ് മുന്നറിയിപ്പ് നല്കി എഫ്.ബി.ഐ രംഗത്ത് വന്നത്. ബൈഡന് സ്ഥാനമേല്‍ക്കുന്ന സാഹചര്യം പരിഗണിച്ച് വാഷിങ്ടണ്‍ ഡി.സിയില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.
വാഷിങ്ടണ്‍ ഡി.സിയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് പ്രതിഷേധ സാധ്യതയെന്നാണ് എഫ്.ബി.ഐയുടെ മുന്നറിയിപ്പ്. സംസ്ഥാന തലസ്ഥാനങ്ങളില്‍ ജനുവരി 16 മുതല്‍ 20 വരെയും വാഷിങ്ടണ്‍ ഡി.സിയില്‍ 17 മുതല്‍ 20 വരെയുമാണ് അക്രമത്തിന് സാധ്യയെന്ന് എഫ്.ബി.ഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികളില്‍നിന്ന് കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടായേക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് വാഷിങ്ടണ്ണിലേക്ക് 15,000 സൈനികരെ അയക്കാനാണ് നാഷണല്‍ ഗാര്‍ഡിന്റെ തീരുമാനം.
കൂടാതെ, വാഷിങ്ടണ്‍ സ്മാരകത്തിലേക്ക് ജനുവരി 24 വരെ സന്ദര്‍ശകര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, അമേരിക്കയില്‍ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. സ്ഥാനാരോഹണ ചടങ്ങിന്റെ തീം-അമേരിക്ക യുണൈറ്റഡ് എന്നായിരിക്കുമെന്ന് ബൈഡന്റെ സ്ഥാനാരോഹണ കമ്മിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു.
Content Highlight: FBI warns of Armed Protests in America ahead of Joe Biden’s Presidential Ceremony