വാട്സ് ആപ്പിന്റെ പുതിയ പോളിസി മാറ്റം കേന്ദ്ര സർക്കാർ പരിശോധിക്കുന്നതായി റിപ്പോർട്ട്

Govt examining WhatsApp's user policy changes amid privacy debate

വാട്സ് ആപ്പിന്റെ പുതിയ പോളിസി മാറ്റത്തെ കുറിച്ച് കേന്ദ്ര സർക്കാർ പരിശോധിക്കുന്നുവെന്ന് പുതിയ റിപ്പോർട്ട്. ഉപയോക്താക്കളുടെ വിവരങ്ങൾ ഫെയ്സ്ബുക്കുമായും കമ്പനിയുടെ മറ്റ് സർവീസുകളുമായും പങ്കു വെയ്ക്കുമെന്ന് വാട്സ് ആപ്പിന്റെ പ്രഖ്യാപനം സ്വകാര്യതയുടെ ലംഘനമാകുമോ എന്നാണ് സർക്കാർ പരിശോധിക്കുന്നത്. കേന്ദ്ര ഐടി മന്ത്രാലയത്തിൽ ഇത് സംബന്ധിച്ച് തിരക്കിട്ട കൂടിയാലോചനകൾ നടക്കുകയാണെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു.

വാട്സ് ആപ്പിന്റെ പോളിസി മാറ്റത്തിൽ ഇതിനോടകം നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ബിസിനസ് രംഗത്തെ ഉന്നതർ തന്നെ ഇതിനെതിരെ രംഗത്തു വന്ന പശ്ചാത്തലത്തിൽ പുതിയ പോളിസി വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. രാജ്യത്ത് നിലനിൽക്കുന്ന സ്വകാര്യതാ നിയമങ്ങൾ അനുസരിച്ചാണോ വാട്സ് ആപ്പിന്റെ പോളിസി മാറ്റം എന്നും പരിശോധിക്കും. രാജ്യത്ത് വാട്സ് ആപ്പിന് 40 കോടി ഉപയോക്താക്കൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഏറ്റവും വലിയ വിപണികകളിൽ ഒന്നാണ് ഇതെന്ന് വാട്സ് ആപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ പോളിസി മാറ്റം ഫെബ്രുവരി 8 നകം അംഗീകരിക്കാത്തവർക്ക് തുടർന്നും സർവീസ് ഉപയോഗിക്കാനാകില്ലെന്നാണ് വാട്സ്ആപ്പ് ഉപയോക്താക്കളെ അറിയിച്ചിട്ടുള്ളത്. ഇത് വിവാദമായതിനെ തുടർന്ന് വാട്സ്ആപ്പ് ഉപയോക്താക്കളിൽ വൻ തോതിൽ കൊഴിഞ്ഞ് പോക്കും ആരംഭിച്ച് കഴിഞ്ഞു. സമാന രീതിയിൽ ഒടിടി സർവീസ് നടത്തുന്ന ടെലിഗ്രാം, സിഗ്നൽ എന്നിവയിലേക്കാണ് ഉപയോക്താക്കളുടെ കൂടുമാറ്റം.

Content Highlights; Govt examining WhatsApp’s user policy changes amid privacy debate