ആമസോൺ പ്രെെമിലെ താണ്ഡവ് വെബ്സീരിസ് നിർമാതാക്കൾക്കെതിരെ കേസെടുത്ത് യുപി പൊലീസ്

ആമസോൺ പ്രെെമിലെ താണ്ഡവ് വെബ്സീരിസ് നിർമാതാക്കൾക്കെതിരെ കേസെടുത്ത് യുപി പൊലീസ്. താണ്ഡവിൽ ഹിന്ദുദെെവങ്ങളെ പരിഹസിച്ചു എന്നാരോപണവുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ലക്നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ എസ്ഐയാണ് പരാതി നൽകിയിരിക്കുന്നത്. മതസ്പർധ ഉണ്ടാക്കി, ആരാധനാലയങ്ങളെ അപകീർത്തിപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വെബ്സീരിസിൻ്റെ സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത്, ആമസോൺ ഇന്ത്യ ഒർജിനൽ കൺഡൻ്റ് തലവൻ എന്നിവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥൻ്റെ പരാതി പ്രകാരം വെബസീരിസിൻ്റെ ആദ്യ എപ്പിസോഡിലെ 17ാം മിനിറ്റിലാണ് വിവാദമായ രംഗം. അതേ എപ്പിസോഡിൽ തന്നെ പ്രധാനമന്ത്രിയുടെ വേഷമിടുന്നയാളും വളരെ മോശമായാണ് പെരുമാറുന്നതെന്നും പരാതിയിൽ പറയുന്നുണ്ട്. യുപി മുഖ്യമന്ത്രി ആദിത്യനാഥിൻ്റെ മാധ്യമ ഉപദേഷ്ടാവ് ശലഭ് മണി ത്രിപാഠി എഫ്ഐആറിൻ്റെ പകർപ്പ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. യോഗി ആദിത്യനാഥിൻ്റെ ഉത്തർപ്രദേശിൽ വികാരങ്ങൾ വെച്ചു കളിച്ചാൽ സഹിക്കില്ല. വിദ്വേഷം പരത്തുന്ന തരം താണ വെബ്സീരിസായ താണ്ഡവിൻ്റെ മുഴുവൻ ടീമിനെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ത്രിപാഠി ട്വിറ്ററിൽ പറഞ്ഞു. 

താണ്ഡവ് നിരോധിക്കണമെന്നും ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണ അതോരിറ്റി വേണമെന്നും ആവശ്യപ്പെട്ട് ബിജെപി എംപി മനോജ് കോട്ടക് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിന് കത്തെഴുതിയിട്ടുണ്ട്. ഹിന്ദു ദെെവങ്ങളെ മനപൂർവ്വം പരിഹസിക്കുകയും മതവികാരങ്ങളെ അവഹേളിക്കുകയും ചെയ്തതെന്ന് കത്തിൽ പറയുന്നു. 

content highlights: Tandav controversy: FIR filed against web series aired on Amazon Prime over promoting religious enmity