മൂന്നാം ക്ലാസുകാരന് ക്രൂരപീഡനം; ചട്ടുകം ചൂടാക്കി പൊള്ളിച്ചു, സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

Minor boy brutally attacked in Kochi

തെെക്കുടത്ത് മൂന്നാക്ലാസുകാരന് ക്രൂരപീഡനം. കുട്ടിയുടെ കാലുകളിൽ തേപ്പുപെട്ടി വെച്ചും ചട്ടുകം വെച്ചും പൊള്ളിച്ചു. കടയിൽ പോയിവരാൻ വെെകിയതിനെ തുടർന്നാണ് കുട്ടിയുടെ സഹോദരി ഭർത്താവ് ക്രൂരമായി ഉപദ്രവിച്ചത്. സംഭവത്തിൽ സഹോദരി ഭർത്താവായ പ്രിൻസ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.  കുട്ടിയെ ബന്ധുക്കൾ ഇടപെട്ട് തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ രണ്ട് കാലുകളിലും ചട്ടുകം വെച്ച് പൊള്ളിച്ച പ്രതി  കുട്ടി കരഞ്ഞപ്പോൾ വായ പൊത്തി ചുമരിൽ ചേർത്ത് നിർത്തുകയായിരുന്നു. അമ്മ ഇടപെട്ടിട്ടും ഇയാൾ പിൻവാങ്ങിയില്ല. പിന്നീട് തേപ്പുപെട്ടി കൊണ്ടും കൂട്ടിയുടെ കാലുകളിൽ പൊള്ളലേൽപ്പിച്ചു. 

കുട്ടിയുടെ അച്ഛൻ കുറച്ച് വർഷങ്ങളായി സ്ട്രോക്കിനെ തുടർന്ന് കിടപ്പിലാണ്. അച്ഛന് സുഖമില്ലാതായതോടെ അമ്മയും ജോലിക്ക് പോകാതെയായി. ഇതിനിടയിൽ സഹോദരിയുമായി പ്രണയത്തിലായ യുവാവ് പെൺകുട്ടിയുടെ വീട്ടിലായിരുന്നു താമസവും. ഇയാൾ കുട്ടിയെ ഉപദ്രവിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ക്രൂരമായ ഉപദ്രവം നേരിട്ടിട്ടും വീട്ടുകാർ സംഭവം മറച്ചുവെച്ചുവെന്നും നാട്ടുകാർ ആരോപിക്കുന്നു. വിവാഹം കഴിഞ്ഞെന്ന് പറയുന്ന സഹോദരിക്ക് 18 വയസായില്ലെന്നും സഹോദരി ഭർത്താവിന് 19 വയസ്സേ ഉള്ളുവെന്നുമാണ് ബന്ധുക്കൾ പറയുന്നത്. പ്രായപൂർത്തി ആയില്ലെങ്കിൽ യുവാവിനെതിരെ പോക്സോ ഉൾപ്പെടെ ചുമത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. 

content highlights: Minor boy brutally attacked in Kochi