അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ദിഗ് വിജയ് സിംഗ് 1,11,111 രൂപ സംഭാവന നൽകി. ശ്രീ രാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിൻ്റെ പേരിലാണ് ചെക്ക് നൽകിയത്. ഈക്കാര്യം അറിയിച്ചുകൊണ്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തും നൽകി. വിശ്വഹിന്ദു പരിഷത്ത് ക്ഷേത്ര നിർമാണത്തിനായി നടത്തുന്ന പണപ്പിരിവിൻ്റെ വിവരങ്ങൾ പുറത്തുവിടണമെന്നും കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. രാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റിൻ്റെ പേരിലാണ് താൻ സംഭാവന നൽകിയത്. അത് ഏത് അക്കൌണ്ടിലേക്കാണ് പണം പോകുന്നതെന്ന് തനിക്കറിയില്ലെന്നും കത്തിൽ അദ്ദേഹം പറഞ്ഞു. ക്ഷേത്ര നിർമാണത്തിനായുള്ള സംഭാവന സ്വീകരിക്കൽ സൌഹാർദ അന്തരീക്ഷത്തിലാകണമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
ക്ഷേത്ര നിർമാണത്തിനായി ഇതുവരെ 100 കോടിയോളം രൂപ ലഭിച്ചതായി ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചംപട് റായി അറിയിച്ചിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് 5,00,100 രൂപ സ്വീകരിച്ചുകൊണ്ട് ഈ മാസം 15നാണ് ധന ശേഖരണം ആരംഭിച്ചത്. ഏറ്റവും ഉയർന്ന തുക സംഭാവന നൽകിയത് റായ് ബറേലിയിലെ തേജ്ഗാവ് മണ്ഡലത്തിലെ മുൻ എംഎൽഎ സുരേന്ദ്ര ബഹദൂർ സിങ്ങാണ്. 1,11,11,111 രൂപയാണ് നൽകിയത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കുടുംബം 5 ലക്ഷം സംഭാവന നല്കി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2 ലക്ഷവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത് 1.51 ലക്ഷവും ഗവര്ണര് ബേബി റാണി മൗര്യ 1.21 ലക്ഷവും നല്കി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്, ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ഉത്തർപ്രദേശിലെയും ജാർഖണ്ഡിലേയും ഗവർണർമാർ തുടങ്ങിയവരും സംഭാവന നൽകിയവരിൽ പെടുന്നു.
content highlights: Congress leader Digvijaya Singh sends Rs 1,11,111 cheque to PM Modi for Ram temple