വസ്ത്രം മാറ്റാതെ പന്ത്രണ്ടു വയസുകാരിയുടെ മാറിടത്തിൽ തൊടുന്നത് പോക്സോ നിയമപ്രകാരം ലെെംഗിക അതിക്രമത്തിൻ്റെ പരിതിയിൽപ്പെടില്ലെന്ന് ബോംബെ ഹെെക്കോടതി. പോക്സോ ആക്ടുമായി ബന്ധപ്പെട്ട കേസിൻ്റെ വാദത്തിനിടെയാണ് ഹെെക്കോടതിയുടെ ഉത്തരവ്. പോക്സോ ആക്ട് പ്രകാരം ശരീരഭാഗങ്ങൾ പരസ്പരം ചേരാതെ ഒരു പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതിനെ ലെെംഗിക പീഡനമായി കണക്കാക്കാനാകില്ലെന്ന് ഹെെക്കോടതിയുടെ നാഗ്പുർ ബെഞ്ച് ജസ്റ്റിസ് പുഷ്പ ഗനേഡിവാല ഉത്തരവിൽ വ്യക്തമാക്കി.
12 വയസുകാരിയെ പീഡിപ്പിച്ചതിന് മുപ്പത്തിയൊൻപതുകാരനെ മൂന്ന് വർഷത്തേക്ക് ശിക്ഷിച്ച സെഷൻസ് കോടതി നടപടി തിരുത്തിയാണ് ഉത്തരവ്. സതീഷ് എന്ന വ്യക്തി 2016 ഡിസംബറിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പേരയ്ക്ക നൽകാമെന്ന് പറഞ്ഞ് 12 വയസ്സുകാരിയെ വിളിച്ചുവരുത്തുകയും മാറിടത്തിൽ സ്പർശിക്കുകയും വസ്ത്രം മാറ്റാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ കുട്ടിയുടെ അമ്മ സംഭവസ്ഥലത്തെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. പോക്സോ ആക്ടും ഐപിസി 354ഉം ചേർന്നാണ് സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. അതുപ്രകാരമുള്ള ശിക്ഷ തുടരുന്നതിനിടെയാണ് പ്രതി ഹെെക്കോടതിയിൽ അപ്പീൽ നൽകിയത്. തുടർന്നാണ് ഹെെക്കോടതിയുടെ പുതിയ വിധി.
പോക്സോ പ്രകാരം പ്രതിയെ കുറ്റവിമുക്തനാക്കിയെങ്കിലും സെക്ഷൻ 354 പ്രകാരമുള്ള ശിക്ഷ നിലനിൽക്കും. പെൺകുട്ടിയുടെ മേൽവസ്ത്രം മാറ്റി മാറിടത്തിൽ പ്രതി സ്പർശിച്ചതായോ ലെെംഗിക ഉദ്ദേശ്യത്തോടെ ശരീര ഭാഗങ്ങൾ പരസ്പരം ചേർന്നതായോ ലെെംഗിക ബന്ധത്തിലേർപ്പെട്ടതായോ തെളിയിക്കപ്പെടാത്ത സാഹചര്യത്തിൽ പ്രതിക്കെതിരെ പോക്സോ പ്രകാരമുള്ള പീഡനക്കേസ് നിലനിൽക്കില്ലെന്നും ഉത്തരവിൽ പറയുന്നു. പോക്സോ സെക്ഷൻ 7 പ്രകാരമുള്ള ലെെംഗിക അതിക്രമത്തിന് 3-5 വർഷം വരെയാണ് തടവുശിക്ഷ. ഐപിസി 35 പ്രകാരമുള്ള കേസിന് ഒരു വർഷം വരെയാണ് ജയിൽ തടവ്.
content highlights: Groping without ‘skin-to-skin contact’ does not amount to sexual assault under POCSO Act: Bombay HC