പ്രതിപക്ഷ കക്ഷികൾ ചർച്ചകൾ സജീവം; സഖ്യ സാധ്യതകള്‍ തുറന്ന് ശരത് പവാര്‍

എക്സിറ്റ് പോളുകൾ തെറ്റുകയും, എൻഡിഎക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാതിരിക്കുകയും ചെയ്താൽ, സർക്കാർ രൂപീകരണത്തിന് നിയമപരവും രാഷ്ട്രീയപരവുമായ കരുനീക്കങ്ങൾ സജീവമാക്കി പ്രതിപക്ഷ കക്ഷികൾ. വിശാലപ്രതിപക്ഷത്തിൽ നിന്ന് അകലം പാലിച്ചിരുന്ന നവീൻ പട്‍നായികിന്‍റെ ബിജു ജനതാദൾ, കെ ചന്ദ്രശേഖർ റാവുവിന്‍റെ തെലങ്കാന രാഷ്ട്രസമിതി, ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് എന്നീ പാർട്ടികളുമായി ചർച്ച നടത്തുന്നത് എൻസിപി അധ്യക്ഷൻ ശരദ് പവാർ നേരിട്ടാണ്. അങ്ങനെ ദില്ലിയിൽ കോൺഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ചർച്ചകൾ സജീവമാക്കുമ്പോൾ മുംബൈയിൽ നിന്ന് ചരടുവലിക്കുന്നത് ശരദ് പവാറാണ്.

എക്സിറ്റ് പോളുകൾ പുറത്തുവന്നതിനിടെയായിരുന്നു ചർച്ച എന്നാണ് റിപ്പോർട്ടുകൾ. ഒഡിഷ മുഖ്യമന്ത്രിയും ബിജു ജനതാദൾ നേതാവുമായ നവീൻ പട്‍നായികുമായും തെലങ്കാന മുഖ്യമന്ത്രിയായ കെ ചന്ദ്രശേഖർ റാവുവുമായും ശരദ് പവാർ നേരിട്ട് സംസാരിച്ചു. തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യചർച്ചകളിൽ ശരദ് പവാറിന്‍റെ ഇടപെടൽ കോൺഗ്രസിന് നല്ല പ്രതീക്ഷയുണ്ട്. ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ സഖ്യം രൂപപ്പെടേണ്ടതിന്‍റെ ആവശ്യകത പറഞ്ഞ് ബോധ്യപ്പെടുത്താൻ ശരദ് പവാറിനെപ്പോലൊരു മുതിർന്ന നേതാവിനെ ഇപ്പോൾ കോൺഗ്രസിന് ആവശ്യമുണ്ട്. എന്നാൽ വൈഎസ്ആർ കോൺഗ്രസ് ചർച്ചകളുമായി സജീവമായി സഹകരിക്കുന്നില്ലെന്നാണ് സൂചന

എക്‌സിറ്റ് പോള്‍ ഫലത്തിന് ശേഷം പ്രതിപക്ഷ നേതാക്കന്മാരയ മമതാ ബാനര്‍ജി, അഖിലേഷ് യാദവ്, ചന്ദ്രബാബു നായിഡു ,എച്ച്ഡി കുമാരസ്വാമി എന്നവരെല്ലാം കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയ എന്നിവരുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ ദിവസം നടത്തിയിരുന്നു.