പ്രതിപക്ഷ ആവശ്യം തള്ളി; വിവിപാറ്റുകൾ ആദ്യം എണ്ണില്ല

വിവിപാറ്റ്​ സ്ലിപ്പുകൾ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷൻ തള്ളി. വോട്ടിങ്​ യന്ത്രങ്ങളിലെ വോട്ടുകളായിരിക്കും ആദ്യം എണ്ണുകയെന്ന്​ കമീഷൻ അറിയിച്ചു. വിവിപാറ്റ്​ സ്ലിപ്പുകൾ ആദ്യം എണ്ണിയാൽ ഫലം പുറത്ത്​ വരാൻ വൈകുമെന്നും തെരഞ്ഞെടുപ്പ്​ കമ്മീഷൻ വ്യക്​തമാക്കി.

22 പ്രതിപക്ഷ പാർട്ടികളിലെ നേതാക്കൾ തെര​ഞ്ഞെടുപ്പ്​ കമീഷനെ കണ്ടാണ്​ വിവിപാറ്റുകൾ ആദ്യം എണ്ണണമെന്ന ആവശ്യം ഉന്നയിച്ചത്​. കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അശോക് ഗെഹ്ലോട്ട്, അഭിഷേക് മനു സിങ്വി എന്നിവരും ടി.ഡി.പി നേതാവ് ചന്ദ്ര ബാബു നായിഡു, ബി.എസ്.പി നേതാവ് സതീഷ് ചന്ദ്ര മിശ്ര, സി.പി.എം നേതാവ് സീതാറാം യെച്ചൂരി, സി.പി.െഎ നേതാവ് ഡി. രാജ, എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാൾ, തൃണമൂൽ നേതാവ് ഡറിക് ഒബ്രയിൻ, ഡി.എം.കെയിൽ നിന്ന് കനിമൊഴി, ആർ.ജെ.ഡി നേതാവ് മനോജ് ഝാ, എൻ.സി.പി നേതാവ് മനോജ് മേമൻ എന്നിവരാണ് തെരഞ്ഞെടുപ്പ്​ കമീഷനെ കഴിഞ്ഞ ദിവസം സമീപിച്ചത്​.

യുപിയിലും ബിഹാറിലും ഹരിയാനയിലും പഞ്ചാബിലും ഇവിഎമ്മുകൾ സുരക്ഷയില്ലാതെ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ അടിസ്ഥാനരഹിതമെന്ന് നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. യുപിയിലെ ചന്ദൗലിയിൽ സമാജ്‍വാദി പ്രവർത്തകർ നേരിട്ട് പകർത്തിയ ദൃശ്യങ്ങളടക്കം പുറത്തുവന്നത് വലിയ വിവാദമായ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതികരണം. വോട്ടെണ്ണലിന് ഇനി ഒരു ദിവസം മാത്രം ശേഷിക്കേയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും ഒരു സുരക്ഷയുമില്ലാതെ ലോറികളിൽ കയറ്റിക്കൊണ്ടുവരുന്ന ഇവിഎമ്മുകൾ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.