ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം ; ഡിഎംഒ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡിഎംഒ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്യും. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗവും മഞ്ചേരി എംഎല്‍എയുമായ എം ഉമ്മര്‍ പറഞ്ഞു.

കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി എടുക്കണമെന്നും ഇക്കാര്യം ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടെന്നും എം ഉമ്മര്‍ വിശദമാക്കി. അതേസമയം സംഭവത്തിനെത്തുടര്‍ന്ന് ആശുപത്രിയില്‍ വന്‍ പ്രതിഷേധം നടക്കുകയാണ്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത് മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ 7 വയസുകാരന്‍ മുഹമ്മദ് ഡാനിഷിന് ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ഗുരുതര പിഴവ് സംഭവിച്ചത്. മൂക്കിനുള്ളിലെ ദശ നീക്കം ചെയ്യാനായിരുന്നു ഇന്നലെ രാവിലെ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഡാനിഷിന് ശസ്ത്രക്രിയ നടത്തിയത് വയറിനായിരുന്നു.

ഉദരസംബന്ധമായ രോഗത്തെത്തുടര്‍ന്ന് ശസ്ത്രക്രിയക്കായി മണ്ണാര്‍ക്കാട് സ്വദേശിയായ ധനുഷിനെയും ഇതേസമയം ഓപ്പറേഷന്‍ തീയേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.കുട്ടികളുടെ പേരുകള്‍ തമ്മില്‍ മാറിപ്പോവുകയും ധനുഷിന് വയറില്‍ നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയ ഡാനിഷിന് നടത്തിയെന്നുമാണ് അന്വേഷണത്തില്‍ വ്യക്തമായത്.