നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 14ന് മുൻപ് നടത്തണമെന്ന നിർദേശം തെരഞ്ഞെടുപ്പു കമ്മിഷനുമായുള്ള ചർച്ചയിൽ മുന്നോട്ടുവെച്ച് യുഡിഎഫും എൽഡിഎഫും. വിഷുവും റംസാനും പരിഗണിച്ചാണ് ഈ ആവശ്യം ഉന്നയിച്ചത്. ഏപ്രിൽ 8നും 12നും ഇടയിൽ തെരഞ്ഞെടുപ്പു നടത്താമെന്ന് യുഡിഎഫ് നിലപാടെടുത്തു. തെരഞ്ഞെടുപ്പ് നീട്ടരുതെന്നു ഇരുമുന്നണികളും ആവശ്യപ്പെട്ടപ്പോൾ മേയ് മാസത്തിൽ തെരഞ്ഞെടുപ്പ് നടത്താമെന്ന നിർദേശം ബിജെപി മുന്നോട്ടുവച്ചു.
കലാശക്കൊട്ട് വേണമെന്ന അഭിപ്രായം മിക്ക രാഷ്ട്രീയ പാര്‍ട്ടികളും കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കണമെന്നും ഏഴ് മണി മുതല്‍ അഞ്ച് മണി വരെ മതി തെരഞ്ഞെടുപ്പ് സമയം എന്നും കോണ്‍ഗ്രസ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. എട്ടിനും 12നും ഇടയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം തന്നെ ആവര്‍ത്തിച്ച മുസ്ലിം ലീഗ് മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടത്തണമെന്ന് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തണമെന്നാണ് എല്ലാ പാര്‍ട്ടികളും നിലപാടെടുത്തത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ് കേരളത്തിലെത്തിയത്. നാളെ വരെ സംഘം കേരളത്തിലുണ്ടാവുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.
അടുത്ത ആഴ്ചയോടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ഉദ്യോഗസ്ഥരും രാഷ്ട്രീയ കക്ഷികളും നല്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചാകും തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടെടുപ്പ് ഘട്ടങ്ങളും തിയതിയും നിശ്ചയിക്കുക.
content highlights: election commission discussion with political party leaders in Kerala