യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരള ബാങ്ക് പിരിച്ച് വിടും; രമേശ് ചെന്നിത്തല

will dissolve kerala bank if udf comes to power; ramesh chennithala

യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരള ബാങ്ക് പിരിച്ച് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ആലപ്പുഴയിലെത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ധേഹം. കേരള ബാങ്ക് രൂപവത്കരിച്ചതു തന്നെ നിയമ വിരുദ്ധമായ കാര്യമാണെന്നും, യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കേരള ബാങ്ക് പിരിച്ചുവിടും, കാരണം സഹകരണ പ്രസ്ഥാനത്തിന്റെ തന്നെ തകർച്ചക്കാണ് കേരള ബാങ്ക് വഴി തെളിയിക്കുന്നതെന്നും രമേശ് ചെന്നിത്തല അഭിപ്രായപെട്ടു.

കൂടാതെ സഹകരണ പ്രസ്ഥാനത്തിന്റെ ഉദ്ധേശ ലക്ഷ്യങ്ങളെ പരിപൂർണമായും പരാജയപെടുത്തുന്ന ഒന്നാണ് കേരള ബാങ്ക് എന്നും ചെന്നിത്തല വ്യക്തമാക്കി. ‘താല്‍ക്കാലിക നിയമനങ്ങള്‍,കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിര്‍ത്തിവെക്കണം. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന സാഹചര്യത്തില്‍ പിന്‍ വാതില്‍ നിയമനങ്ങള്‍ എല്ലാം പുനഃ പരിശോധിക്കും. സര്‍ക്കാര്‍ ദുര്‍വാശി ഉപേക്ഷിക്കണം. മുഖ്യമന്ത്രി വളരെ ധാര്‍ഷ്ട്യത്തോടെയാണ് ഇനിയും ഞങ്ങളുടെ ആളുകളെ സ്ഥിരപ്പെടുത്തുമെന്ന് മട്ടില്‍ മുന്നോട്ടു പോകുന്നത്. ഇന്നലത്തെ ക്യാബിനറ്റിലും നൂറുകണക്കിന് ആളുകളെ സ്ഥിരപ്പെടുത്തുകയുണ്ടായെന്നും’ ചെന്നിത്തല കൂട്ടിച്ചേർത്തു.

പി.എസ്.സി. റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ മുഖ്യമന്ത്രി മടി കാണിക്കുന്നത് എന്തു കൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു. ഇത് ക്രൂരമായ നടപടിയാണ്. റാങ്ക് ലിസ്റ്റില്‍പ്പെട്ടവര്‍ തങ്ങളുടേത് അല്ലാത്ത കാരണം കൊണ്ടാണ് റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ടത് എന്നു പറയുന്നതില്‍ വസ്തുതയുണ്ട്. ഇതിന് ഉദാഹരണമാണ് സി.പി.ഒ.മാരുടെ റാങ്ക് ലിസ്റ്റ് എന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Content Highlights; will dissolve kerala bank if udf comes to power; ramesh chennithala