അമേരിക്കന്‍ കമ്പനിക്ക് മത്സ്യബന്ധന കരാര്‍ നല്‍കിയെന്ന വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. വിശ്വാസ്യതയില്ലാത്ത രേഖകള്‍ ഹാജരാക്കുന്നത് ചെന്നിത്തലയുടെ കൈത്തൊഴിലാണെന്ന് വിജയരാഘവന്‍ പറഞ്ഞു. അതിന് വിശ്വാസ്യത വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമില്ല. പ്രതിക്ഷ നേതാവും മാധ്യമങ്ങളും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ നിരന്തരം ഉയര്‍ത്തുന്നുണ്ട്. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. അദ്ദേഹം പറഞ്ഞു.
ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ മുഖ്യമന്ത്രി വിഷയം വ്യക്തമാക്കിയതാണ്. വിദേശ ട്രോളറുകള്‍ക്കോ തദ്ദേശീയ കോര്‍പറേറ്റ് ട്രോളറുകള്‍ക്കോ ആഴക്കടല്‍ മത്സ്യബന്ധനം നടത്താതിരിക്കാനാണ് വലിയ സമ്മര്‍ദ്ദം ഈ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരില്‍ ചെലുത്തിയത്. വ്യാജ ആരോപണങ്ങളും വാര്‍ത്തകളും പടച്ചുവിട്ട ശേഷം കേസ് കൊടുക്കാന്‍ പറയുന്ന തന്ത്രം ഈ നാട്ടില്‍ ചെലവാകില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് നയിക്കുന്ന ജാഥയില്‍ ഒരിടത്തും ബിജെപിയെ കുറിച്ച് മിണ്ടുന്നില്ല. യുഡിഎഫിന്റെ ജാഥ തുടങ്ങിയ ശേഷം പെട്രോള്‍ വിലയില്‍ പത്തുരൂപയുടെ വര്‍ധനവുണ്ടായി. 100 രൂപയുടെ വര്‍ധനവ് പാചക വാതകത്തിനുണ്ടായി. അതൊന്നും ഇവരെ സ്പര്‍ശിക്കുന്നില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ പൂര്‍ണ്ണ നിശബ്ദത പാലിച്ചുകൊണ്ട് പിണറായി വിജയനെ വ്യക്തിപരമായും സര്‍ക്കാരിനെതിരെയും ആക്ഷേപങ്ങളും അവാസ്തവങ്ങളും പ്രചരിപ്പിക്കുന്ന ജാഥയായി യുഡിഎഫ് ജാഥ മാറിയെന്ന് വിജയരാഘവന്‍ പറഞ്ഞു.
content highlights: A. Vijayaraghavan against Ramesh Chennithala