ഇറാൻ വിഷയത്തിൽ ധാരണ രൂപപ്പെടുത്തുന്നതിനു മുന്നോടിയായി ഇസ്രായേൽ ഉൾപ്പെടെ സഖ്യരാജ്യങ്ങളുമായി അമേരിക്ക ചർച്ച ആരംഭിച്ചു. ഇറാൻ ആണവ പദ്ധതിക്ക് ഉപാധികളുടെ അടിസ്ഥാനത്തിൽ പോലും അനുമതി നൽകരുതെന്നാണ് ഇസ്രായേൽ ആവശ്യപ്പെട്ടത്. അതേ സമയം തുടർ ചർച്ചകളിൽ തങ്ങൾക്കും ഇടം വേണമെന്ന നിലപാടാണ് ഗൾഫ് രാജ്യങ്ങൾ അമേരിക്കയെ അറിയിച്ചത്. ഉപരോധം പിൻവലിച്ച് ഇറാൻ ആണവ വിഷയത്തിൽ ചർച്ചയ്ക്കില്ലെന്നാണ് ബൈഡൻ ഭരണകൂടം വ്യക്തമാക്കുന്നത്. അതേസമയം യൂറോപ്യൻ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ഇറാനുമായി നയതന്ത്ര ചർച്ചകളോട് എതിർപ്പില്ലെന്നും ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്.
ഏതെങ്കിലും നിലക്കുള്ള ചർച്ചകൾ ആരംഭിക്കുകയാണെങ്കിൽ സഖ്യ കക്ഷികളുടെ കൂടി അഭിപ്രായം തേടുക എന്ന നിലക്കാണ് ബൈഡൻ ഭരണകൂടത്തിന്റെ പുതിയ നീക്കം. ഇസ്രായേലുമായുള്ള ചർച്ച കഴിഞ്ഞ ദിവസം നടന്നു. യു.എസ് സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവൻ, ഇസ്രായേൽ സുരക്ഷാ ഉപദേഷ്ടാവ് മെർ ബെൻ ശാബത്ത് എന്നിവർ തമ്മിലായിരുന്നു ചർച്ച. ഗൾഫ് മേഖലയുടെ സുരക്ഷയ്ക്ക് ഇറാൻ ഉയർത്തുന്ന ഭീഷണി ഇരുകൂട്ടരും പങ്കുവച്ചതായി യു.എസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് എമിലി ഹൊണെ പ്രസ്താവനയിൽ അറിയിച്ചു. ഇസ്രായേലിനെ പിണക്കാതെ ഇറാൻ വിഷയത്തിൽ കൃത്യമായ നയ സമീപനം രൂപപ്പെടുത്താനാണ് ബൈഡന്റെ നീക്കം എന്നാണ് റിപ്പോർട്ട്.
ഇറാൻ വിഷയത്തിൽ ഗൾഫ് രാജ്യങ്ങളുമായുള്ള അനൗപചാരിക ആശയവിനിമയം അമേരിക്ക തുടരുകയാണ്. ഇറാൻ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതി ഗൾഫ് സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് ജി.സി.സി കരുതുന്നു. അതുകൊണ്ടു തന്നെ ഇറാനും വൻശക്തി രാജ്യങ്ങളുമായുള്ള ഏതൊരു ചർച്ചയിലും തങ്ങൾക്ക് കൂടി പങ്കാളിത്തം ഉണ്ടാകണം എന്നാണ് ഗൾഫ് രാജ്യങ്ങളുടെ ആവശ്യം.
Content Highlights; iran usa relations