കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു

farmers protest bharath bandh begins

കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ നടത്തുന്ന സമരം നാലുമാസം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാര്‍ഷിക ബില്ലുകള്‍ക്കെതിരായ സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഭാരത് ബന്ദ്. 

രാജ്യത്തെ എല്ലാ പൗരന്മാരും ബന്ദിനോട് സഹകരിക്കണമെന്നും സമരം വിജയിപ്പിക്കണമെന്നും കര്‍ഷക സംഘടനകള്‍ അഭ്യര്‍ഥിച്ചു. ഭാരത് ബന്ദ് പൂര്‍ണമായും സമാധാനപരമായിരിക്കും. എന്നാല്‍ ബന്ദില്‍ റോഡ്-റെയില്‍ ഗതാഗതം സ്തംഭിപ്പിക്കുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു. കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് വ്യാപാരികൾ പ്രതിഷേധത്തിന് ഒപ്പം അണിചേരുമെന്നും സംഘടനാനേതാക്കള്‍ വ്യക്തമാക്കി.

Content Highlights; farmers protest bharath bandh begins