പര്‍വ്വതാരോഹണത്തിനിടെ മരണപ്പെട്ട കല്‍പന ദാസിന്റെ മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

ഒഡീഷയില്‍ നിന്ന് ആദ്യമായി എവറസ്റ്റ് കീഴടക്കിയ വനിത കല്‍പന ദാസിന്റെ മൃതദേഹം കണ്ടെത്തി നാട്ടിലെത്തിക്കുവാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ എവറസ്റ്റ് കീഴടക്കി തിരികെയിറങ്ങുമ്പോഴായിരുന്നു കല്‍പന ദാസിന്റെ മരണം. മൃതശരീരം കണ്ടെത്തി തിരികെ എത്തിക്കാനുള്ള നടപടികള്‍ക്കായി കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയുമായി കേന്ദ്രം ബന്ധപ്പെട്ടിട്ടുണ്ട്. 8600 മീറ്റർ ഉയരത്തിലുള്ള കൊടുമുടിയുടെ അറ്റത്തായി ബാല്‍ക്കണി പ്രദേശത്താണ് ശരീരം ഉള്ളതെന്നാണ് വിലയിരുത്തല്‍. പത്തിലധികം വരുന്ന ഒരു ഗ്രൂപ്പിനെ എവറസ്റ്റ് കൊടിമുടിയിലേക്ക് അയച്ചിട്ടുണ്ട്. കല്‍പന ദാസിനെ കൂടാതെ രണ്ട് ഇന്ത്യക്കാര്‍ കൂടി മരിച്ചിരുന്നു. അവരുടെ മൃതശരീരങ്ങള്‍ക്കൂടി കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.

രാജ്യത്തിന്റെ ഒരുപാട് സ്ത്രീകള്‍ക്ക് പ്രചോദനമായിരുന്ന കല്‍പന ദാസിന്റെ വിയോഗത്തില്‍ ദുഖമുണ്ടെന്നും ഉടന്‍തന്നെ അവരുടെ ശരീരം കണ്ടെത്തി നാട്ടിലെത്തിക്കുമെന്നും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചു. കല്‍പന ദാസിന്റെ മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ ചെലവില്‍ ചെയ്തു കൊടുക്കുമെന്ന് സ്‌പോര്‍ട്ട് അന്റ് യൂത്ത് സര്‍വ്വീസ് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു.