ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണത്തിലും വെള്ളിയിലും കുറവ് വന്ന സംഭവത്തിൽ മഹസർ പത്തനംതിട്ടക്ക് കൊണ്ടുവന്നത് ഓഡിറ്റിംഗ് സൗകര്യം ഒരുക്കാനെന്ന് ശബരിമല എക്‌സിക്യൂട്ടിവ് ഓഫീസർ ഡി.സുധീഷ് കുമാർ പറഞ്ഞു. അതേസമയം, ഓഡിറ്റിംഗ് നടത്തുന്നതിനു മുമ്പ് ഞായറാഴ്ച ഓഫീസിലെത്തി ജീവനക്കാർ ശരിയാക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രമുഖ മാധ്യമം പുറത്തുവിട്ടിരുന്നു.
സ്വർണവും വെള്ളിയിലലും കുറവില്ലെന്നാണ് എക്സിക്യൂട്ടീവ് ഓഫീസറുടെ വാദം. ഇക്കാര്യം പരിശോധനയിൽ തെളിയുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ കണക്കുകൾ സൂക്ഷിച്ചിരിക്കുന്നതിന് വിഭിന്നമായി ആറന്മുളയിലെ സ്ട്രോംഗ് റൂം മഹസറിൽ രേഖപ്പെടുത്തിയിട്ടില്ല എന്ന് കണ്ടെത്തിയതിലായിരുന്നു പരിശോധന. ഓഡിറ്റർ പ്രദാപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തോട് ചേർന്നുള്ള സ്ട്രോംഗ് റൂമിലെ മഹസറാണ് ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗം പരിശോധിക്കുക. കഴിഞ്ഞ ദിവസം ഓഫീസിലെത്തി ജീവനക്കാർ ഇതുസംബന്ധിച്ച രേഖകൾ ശരിയാക്കിയിരുന്നു.
40 കിലോ സ്വർണത്തിന്റെയും 100 കിലോ വെള്ളിയുടെയും കുറവുകളാണ് സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. സ്വർണവും വെള്ളിയും സട്രോംഗ് റൂമിൽ നിന്ന് മാറ്റിയത് രേഖകളില്ലാതെയാണെന്നും കണ്ടെത്തിയിരുന്നു. 2017 മുതലുള്ള കണക്കുകളിലാണ് ഓഡിറ്റിംഗ് വിഭാഗം പൊരുത്തക്കേടുകൾ ചൂണ്ടികാട്ടുന്നത്. ശബരിമലയിലെ രേഖകളിൽ സ്വർണം എത്തിയെന്ന് കാണിക്കുന്നുണ്ടെങ്കിലും മഹസറിൽ രേഖപ്പെടുത്തിയില്ലെങ്കിൽ സ്വർണ്ണം തൂക്കി നോക്കുന്നതടക്കമുള്ള നടപടികളാണ് നടക്കുക. എന്നാൽ, ശബരിമല സ്വർണം നഷ്ടമായിട്ടില്ലെന്നും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനാണ് അനാവശ്യവിവാദത്തിന് പിന്നിലെന്നുമാണ് ദേവസ്വം ബോർഡിന്റെ നിലപാട്.