ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണ ശേഖരത്തില്‍ നിന്ന് ഒന്നും നഷ്ടമായിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്. സ്ട്രോങ് റൂം തുറന്ന് പരിശോധിക്കേണ്ടതില്ലെന്നും 40 കിലോ സ്വര്‍ണം ഇവിടെയുണ്ടെന്നും ഓഡിറ്റിങ് വിഭാഗം കണ്ടെത്തി. മഹസര്‍ രേഖകള്‍ പരിശോധിച്ചാണ് ഓഡിറ്റിങ് വിഭാഗം വ്യക്തതവരുത്തിയത്.
10413 സ്വര്‍ണ്ണം-വെള്ളി ഉരുപ്പടികളാണ് ആറന്മുള ക്ഷേത്രത്തോടുചേര്‍ന്നുള്ള സ്ട്രോങ് റൂമിലുള്ളുത്. നേരത്തെ കണക്കില്‍ കണ്ടെത്താത്ത നാല് ഉരുപ്പടികള്‍ ശബരിമലയില്‍ തന്നെ ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. സ്വര്‍ണ്ണം കാണാതായെന്ന തരത്തില്‍ തെറ്റായ വാര്‍ത്തയാണ് പ്രചരിപ്പിച്ചതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു.
ശബരിമലയില്‍ കിട്ടുന്ന സ്വര്‍ണവും വെള്ളിയും പരമ്പരാഗതമായി ആറന്മുളയിലെ സ്ട്രോങ് റൂമിലാണ് സൂക്ഷിക്കുന്നത്. ആറുവര്‍ഷം മുമ്പ് സ്ട്രോങ്റൂമിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന് വിരമിച്ചിട്ടും സ്വര്‍ണത്തിന്റെ അളവ് തിട്ടപ്പെടുത്തി ചുമതല കൈമാറിയിരുന്നില്ല. ഇത് ഉദ്യോഗസ്ഥന്റെ ബാധ്യതയായി രേഖപ്പെടുത്തിയതിനാല്‍ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ദേവസ്വംബോര്‍ഡ് തടഞ്ഞു.
ഉദ്യോഗസ്ഥന് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും മറ്റു വിലപിടിപ്പുള്ള സാധനങ്ങളുടെയും അളവ് തിട്ടപ്പെടുത്താന്‍ ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചിരുന്നു. ഇപ്പോള്‍ മഹസര്‍ രേഖകള്‍ പ്രകാരം ലഭിച്ച കാര്യങ്ങള്‍ ഓഡിറ്റ് വിഭാഗം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ശബരിമല അസിസ്റ്റന്റ് എക്സിക്യുട്ടീവ് ഓഫീസറും തിരുവാഭരണം കമ്മിഷണറും ചേര്‍ന്നാണ് രേഖകളും സ്വര്‍ണശേഖരവും ഒത്തുനോക്കേണ്ടിയിരുന്നത്. ആറുവര്‍ഷമായി ഇവയുടെ പരിശോധന കാര്യക്ഷമായിരുന്നില്ല.