മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബിംസ്റ്റെക് രാഷ്ട്രത്തലവന്മാര്‍ക്ക് ക്ഷണം

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ബിംസ്റ്റെക് രാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാന്മാര്‍, ശ്രീലങ്ക, തായ്‌ലാന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഭരണത്തലവന്‍മാര്‍ക്ക് മോദിയുടെ ക്ഷണം.എന്നാല്‍ പാക്കിസ്ഥാന ്ചടങ്ങില്‍ ക്ഷണമില്ല. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ആഭ്യന്തര പ്രശ്നം നിലനില്‍ക്കുന്നതിനാലാണ് പാകിസ്ഥാനെ ഒഴിവാക്കിയതെന്നാണ് സൂചന.

ബിംസ്റ്റെക് രാഷ്ട്രത്തലവന്മാര്‍ക്ക് പുറമെ കിര്‍ഗിസ് റിപ്പബ്ലിക് പ്രസിഡന്റിനെയും മൌറീഷ്യസ് പ്രധാനമന്ത്രിയെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

2014 ല്‍ ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പങ്കെടുത്തിരുന്നു. അന്ന് സാര്‍ക്ക് രാജ്യത്തലവന്‍മാരായിരുന്നു അതിഥികള്‍. വ്യാഴാഴ്ച വൈകുന്നേരം ഏഴിന് രാഷ്ട്രപതി ഭവന്‍ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്. മന്ത്രിസഭാംഗങ്ങളും പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യാനാണ് സാധ്യത.