നരേന്ദ്രമോദി ഇന്ന് കേരളത്തിൽ; ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നാളെ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ എത്തും. വൈകിട്ട് കൊച്ചിയിലെത്തുന്ന മോദി നാളെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും ബിജെപിയുടെ പൊതുയോഗത്തിലും പങ്കെടുക്കും. ഗുരുവായൂര്‍ ക്ഷേത്രത്തിലും പരിസരത്തും കര്‍ശന സുരക്ഷ ഒരുക്കിയിട്ടുണ്ട്. നാളെ കൊച്ചിയിൽ നിന്ന് 9.40 ന് പുറപ്പെടുന്ന മോദി ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ഹെലിപ്പാഡിൽ ഇറങ്ങും. തുടര്‍ന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തിയശേഷം 10 മണിക്ക് ക്ഷ്രേത്രദര്‍ശത്തിനിറങ്ങും. തുലാഭാരം, കളഭച്ചാര്‍ത്ത് തുടങ്ങിയ വഴിപാടുകള്‍ നടത്താനാണ് ദേവസ്വം അധികൃതര്‍ക്ക് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്.

പ്രധാനമന്ത്രിയായശേഷം ആദ്യമായാണ് മോദി കേരളത്തിലെത്തുന്നത്. നാളെ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിൽ നടക്കുന്ന ബിജെപിയുടെ പൊതുയോഗത്തിലാണ് മോദി പങ്കെടുക്കുന്നത്. ഇതിന്ശേഷം ഉച്ചയ്ക്ക് 12 മണിക്ക് ഡൽഹിക്ക് മടങ്ങും. 2008 ൽ ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെയാണ് മോദി ഇതിന് മുൻപ് ഗുരുവായൂര്‍ ക്ഷേത്രത്തിൽ എത്തുന്നത്. അതേ സമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വെള്ളിയാഴ്ച കേരളത്തിലെത്തും. വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി പറയാനാണ് രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ന് പ്രത്യേക വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി മലപ്പുറം ജില്ലയിലെ വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ പ്രദേശങ്ങളില്‍ പര്യടനം നടത്തും. തുടര്‍ന്ന് റോഡ് മാര്‍ഗം കല്പറ്റയിലെത്തും. ശനിയാഴ്ച വയനാട് ജില്ലയില്‍ പര്യടനം നടത്തും. വയനാട്ടില്‍ ആറ് സ്വീകരണയോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. ഞായറാഴ്ച തിരുവമ്പാടി നിയമസഭാ മണ്ഡലത്തില്‍ പര്യടനം നടത്തിയശേഷം പ്രത്യേക വിമാനത്തില്‍ മടങ്ങും.