ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി ചര്‍ച്ചചെയ്യാൻ സിപിഎം കേന്ദ്രകമ്മിറ്റി യോഗം ആരംഭിക്കും. ഇതിന് മുന്നോടിയായി പോളിറ്റ് ബ്യൂറോ ഇന്ന് രാവിലെ ചേരും. കേരളത്തിലെ തിരിച്ചടിക്കു കാരണം ശബരിമലയെന്നാണ് കേന്ദ്ര നേതൃത്വത്തിൻ്റെ അവലോകനം. സ്വന്തം വോട്ട് ബാങ്ക് സംരക്ഷിക്കാൻ കേരള ഘടകത്തിനായില്ല എന്ന് കേന്ദ്രഘടകം വിമര്‍ശനം ഉന്നയിക്കും.കേന്ദ്രത്തിൽ കോൺഗ്രസ് എത്തുമെന്ന പ്രതീതി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കള്‍ ഉന്നയിച്ചുവെന്ന വിമര്‍ശനമായിരിക്കും കേരളഘടകം ഉന്നയിക്കുന്നത്.
പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സഹകരിച്ചിരുന്നുവെങ്കിൽ ഇത്രവലിയ തിരിച്ചടി ഉണ്ടാകില്ലെന്നാണ് സംസ്ഥാനഘടത്തിൻ്റെ വിലയിരുത്തൽ. പാര്‍ട്ടി വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നതാണ് വൻ തകര്‍ച്ചയ്ക്ക് ഇടയാക്കിയത്. എന്നാൽ കോൺഗ്രസുമായി സഹകരിക്കണമെന്ന നിലപാടിൽ ചൊല്ലി പിബിയിൽ ഭിന്നതയുണ്ട്.
കേരളത്തിലെ പരമ്പരാഗത വോട്ടിൽ ചോര്‍ച്ച ഉണ്ടാക്കിയതിൽ ശബരിമല കാരണമായിട്ടുണ്ട്. സംസ്ഥാനത്തെ ബിജെപിയുടെ വളര്‍ച്ചയിൽ ആശങ്കയുണ്ടെന്ന അവലോകനമാണ് കേന്ദ്ര നേതൃത്വം തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ശബരിമല യുവതി പ്രവേശന വിഷയത്തിൽ നയം മാറ്റാനാകില്ലെന്നും സിപിഎം നേതൃത്വം അവലോകന റിപ്പോർട്ടിൽ നിലപാടെടുക്കുന്നുണ്ട്. ജനങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്താൻ പാര്‍ട്ടിക്ക് കഴിയണമെന്നും നേതൃത്വം നിര്‍ദ്ദേശിക്കും.