ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയനായ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച കോടതി വിധി പറയാനിരിക്കെയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടത്. യുവതിയുടെ പരാതിയില്‍ ബിനോയിയെ കസ്റ്റഡിയിലെടുക്കാന്‍ മുംബൈ പോലീസ് കേരളത്തില്‍ എത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. നാളെ ജാമ്യം കിട്ടിയില്ലെങ്കില്‍ ബിനോയ് വിദേശത്തേക്ക് കടന്നേക്കുമെന്ന വിവരത്തെത്തുടര്‍ന്നാണ് പൊലീസ് ഇപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനിയാണ് ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് പരാതി നല്‍കിയത്. ദുബായില്‍ ബാര്‍ ഡാന്‍സറായിരുന്ന യുവതിയെ വിവാഹവാഗ്ദാനം നല്‍കി ബിനോയ് ലൈംഗികമായി ചൂഷണം ചെയ്തെന്നും ഈ ബന്ധത്തില്‍ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ ആരോപണം. ബിനോയ് എവിടെയെന്ന കാര്യത്തില്‍ ഒരു സൂചനയും ഇല്ലാത്തതിനാല്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. ജാമ്യം കിട്ടിയാല്‍ ബിനോയ് പൊലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നാണ് സൂചന.