നെഞ്ചുലക്കുന്നതാണ് മെക്സികോ-യു.എസ് അതിർത്തിയിലെ റിയോ ഗ്രാൻഡ് നദിയിൽ ജീവനറ്റ് കിടക്കുന്ന പിതാവിന്റെയും കുഞ്ഞുമകളുടെയും ചിത്രം. അതിര്‍ത്തിലുള്ള നദി കടക്കാനുള്ള ശ്രമത്തിലാണ് 25 കാരനായ ആല്‍ബര്‍ട്ടോ മാര്‍ട്ടിനെസും മകളും ദാരുണമായി മുങ്ങി മരിക്കുന്നത്. റിയോ ഗ്രാന്‍ഡേ നദീതാരത്താണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മ കണ്ടുനില്‍ക്കെയാണ് മരണം.
മകളെയും കൊണ്ട് ആദ്യം നീന്തി അക്കരെ കടന്ന മാര്‍ട്ടിനെസ് ഭാര്യയെ കൊണ്ടുപോകാന്‍ തിരികെ പോവുന്നത് കണ്ട മകള്‍ നദിയിലേക്ക് ചാടുകയായിരുന്നു. വെള്ളത്തില്‍ വീണ മകളെ പിതാവ് മുറുകെ പിടിച്ചെങ്കിലും കുത്തൊഴുക്കിനെ മറികടക്കാന്‍ സാധിച്ചില്ല. മെക്സിക്കന്‍ പത്രഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രം പുറത്തെത്തിയതോടെയാണ് സംഭവം പുറത്തെത്തുന്നത്. എല്‍സാല്‍വഡോര്‍ സ്വദേശികളായ ഈ കുടുംബം മെക്സിക്കോയിലെത്തിയിട്ട് രണ്ടുമാസമായി. കൊടുംചൂടില്‍ വെന്തുരുകുന്ന അഭയാര്‍ത്ഥി ക്യാമ്പിലെ താമസം അസഹനീയമായപ്പോഴാണ് നദി കടന്ന് അക്കരെ പോകാന്‍ ശ്രമിച്ചതെന്ന് അമ്മ താനിയ പറയുന്നു.
കുടിയേറ്റം വ്യാപകമായതോടെ അതു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുടിയേറ്റക്കാര്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ കാത്തിരിക്കണമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കണമെങ്കില്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടിവരും. അതാണ് അപകടം പിടിച്ച പാതകളിലൂടെ നീങ്ങാന്‍ കുടിയേറ്റക്കാരെ പ്രേരിപ്പിക്കുന്നതെന്നാണ് ആരോപണം.