ആലപ്പുഴയിലെ പരാജയം; കെപിസിസി നടപടി ഇന്ന്

കോണ്‍ഗ്രസിന്റെ ആലപ്പുഴയിലെ കനത്ത പരാജയം സംബന്ധിച്ച് പഠിക്കാന്‍ കെവി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതി കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെപിസിസി ഇന്ന് നടപടി പ്രഖ്യാപിക്കും. ആലപ്പുഴയിലെ നാല് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നതാണ് സമിതി ശുപാര്‍ശ ചെയ്തത്. കമ്മിറ്റി ശുപാര്‍ശ ചെയ്ത നടപടികള്‍ മാത്രമാണോ അതോ മറ്റെന്തെങ്കിലും നടപടികള്‍ കൈക്കൊള്ളുമോയെന്ന കാര്യം വ്യക്തമല്ല.

ഡിസിസി കടുത്ത വീഴ്ചയാണ് വരുത്തിയതെന്നാണ് മൂന്നംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പലപ്പോഴും സ്ഥാനാര്‍ത്ഥി ഒറ്റയ്ക്ക് പ്രചരണത്തിന് ഇറങ്ങിയ സാഹചര്യം ഉണ്ടായെന്നും നേതാക്കള്‍ പലരും പ്രചരണത്തില്‍ ഉടനീളം നിര്‍ജ്ജീവമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഭൂരിപക്ഷം കുറഞ്ഞുപോയ നിയമസഭ മണ്ഡലങ്ങളില്‍ നേതൃമാറ്റം വേണമെന്നാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. കായംകുളം, ചേര്‍ത്തല, മിയോജക മണ്ഡലങ്ങളിലെ 4 ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും സമിതി ശുപാര്‍ശ ചെയ്തിരുന്നു. അരൂര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പ്് നേതൃത്വത്തില്‍ അഴിച്ചുപണി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കേരളത്തില്‍ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും ഷാനിമോള്‍ ഉസ്മാന്‍ മാത്രം തോറ്റത് സംഘടനയിലെ ഭിന്നത കാരണമാണെന്ന വിമര്‍ശനം ആദ്യമേ തന്നെ ഉയര്‍ന്നിരുന്നു ചേര്‍ത്തലയിലെ പല ബുത്തിലും മുന്‍ തിരഞ്ഞെടുപ്പില്‍ കെ സി വേണുഗോപാല്‍ പിടിച്ചതിനെക്കാള്‍ കുറഞ്ഞ വോട്ടായിരുന്നു ഷാനിമോള്‍ക്ക് ലഭിച്ചത്. രണ്ടു ബുത്തില്‍ മാത്രം ഇത്തരത്തില്‍ 700 ലധികം വോട്ടുകളുടെ കുറവ് വന്നിട്ടുണ്ട്. ചേര്‍ത്തലയില്‍ എന്തെങ്കിലും അട്ടിമറി നടന്നിട്ടുണ്ടാകാമെന്ന വിമര്‍ശനങ്ങളും ശക്തമായിരുന്നു.