ദില്ലി: ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പ് ടിക് ടോക് ഇന്ത്യക്കാരുടെ 60 ലക്ഷം വീഡിയോ ക്ലിപ്പുകള്‍ നീക്കം ചെയ്തു. ആപ്പിന്റെ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. നിയമവിരുദ്ധമോ അശ്ലീലമോ ആയ ഉള്ളടക്കങ്ങള്‍ പാടില്ലെന്ന കര്‍ശന നിബന്ധന പാലിക്കാനാണ് വീഡിയോ ക്ലിപ്പുകള്‍ നീക്കം ചെയ്തത്. ടിക് ടോക് ആപ്പിന് ഇന്ത്യയില്‍ തന്നെ 20 കോടി ഉപഭോക്താക്കളുണ്ടെന്നും അതി വേഗത്തിലാണ് ആപ്പിന്റെ വളര്‍ച്ചയെന്നും ആപ്പിന്റെ മാതൃകമ്പനി ബൈറ്റെഡാന്‍സ് ടെക്നോളജി പറഞ്ഞു.
ആര്‍എസ്എസ് സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പരാതിയെ തുടര്‍ന്നാണ് ടിക് ടോക് ആപ്പിന് കേന്ദ്ര ഇലക്ട്രോണിക്-ഐടി വകുപ്പ് നോട്ടിസ് നല്‍കിയത്. ആപ്പ് ദേശതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്നും അവര്‍ അരോപിച്ചിരുന്നു. എന്നാല്‍ ഈ വാദം ബൈറ്റെഡാന്‍സ് കമ്പനി തള്ളി. ഇന്ത്യയിലെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കാന്‍ കഴിയുന്ന ഡാറ്റ സെന്റര്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.