ഉന്നാവ് പെണ്‍കുട്ടിയെ വാര്‍ഡിലേക്ക് മാറ്റി

എയിംസ് ആശുപത്രിയില്‍
ഉന്നാവ് പെണ്‍കുട്ടിയെ വാര്‍ഡിലേക്ക് മാറ്റി

വാഹനാപകടത്തില്‍ പരിക്കേറ്റ് ദില്ലി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് പെണ്‍കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. ആരോഗ്യ നില മെച്ചപ്പെട്ട സാഹചര്യത്തില്‍ പെണ്‍ക്കുട്ടിയുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തും. ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗിനെതിരെ പീഡനപരാതി നല്‍കിയിരുന്ന പെണ്‍കുട്ടിക്ക് ജൂലൈ 28 നാണ് വാഹനാപകടത്തില്‍ പരിക്കേറ്റത്.

പെണ്‍കുട്ടിയും അഭിഭാഷകനും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്കിടിക്കുകയായിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ അമ്മായി അടക്കം രണ്ട് ബന്ധുക്കള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ അഭിഭാഷകന്റെ ആരോഗ്യസ്ഥിതിയിലും പുരോഗതിയുണ്ട്. അപകടത്തിന് പിന്നില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറും കൂട്ടാളികളുമാണെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.