വര്‍ഷംതോറും വക്വിറ്റകളുടെ എണ്ണം ഗണ്യമായി കുറയുന്നതായി കണ്ടെത്തി ഗവേഷകര്‍. 2011 മുതല്‍ നടത്തിവരുന്ന കണക്കെടുപ്പിലാണ് വക്വിറ്റുകളുടെ അംഗസഖ്യ കുറഞ്ഞു വരുന്നതായി ശാസ്ത്രലോകം കണ്ടെത്തിയത്. 19 വക്വിറ്റകള്‍ മാത്രമേ ഇനി അവശേഷിക്കുന്നുള്ളു എന്നാണ് ഗവേഷകര്‍ പറയുന്നത്. ഡോള്‍ഫിനുകള്‍ ഉള്‍പ്പെടുന്ന സെറ്റാസിയന്‍സ് ഗണത്തില്‍ പെടുന്നതാണ് വക്വിറ്റകള്‍.
നേരിട്ട് കണ്ട് വിലയിരുത്തിയും ക്ലിക്ക് ശബ്ദത്തോട് സാമ്യമുള്ള വക്വിറ്റകളുടെ സിഗ്നലുകള്‍ പരിശോധിച്ചുമാണ് കണക്കെടുപ്പ് നടത്തിയത്. റോയല്‍ സൊസൈറ്റി ഓഫ് ഓപ്പണ്‍ സയന്‍സിലെ ഗവേഷകരാണ് പഠനം നടത്തിയത്. 2016 നും 2017 നും ഇടയില്‍ 62.3 ശതമാനത്തിന്റെ ഇടിവാണ് വക്വിറ്റകളുടെ എണ്ണത്തിലുണ്ടായത്. കടലിലെ സസ്തിനികളായതിനാല്‍ തന്നെ ഈ ജീവികളുടെ ഏകദേശ കണക്കുകള്‍ മാത്രമാണ് ഗവേഷകര്‍ പറയുന്നത്.
റ്റോറ്റോബ എന്ന ഇനത്തില്‍ പെട്ട മത്സ്യവുമായാണ് വക്വിറ്റകള്‍ ആവാസവ്യവസ്ഥ പങ്കിടുന്നത്. ഈ മല്‍സങ്ങള്‍ക്ക് ചൈനയില്‍ വന്‍ തോതില്‍ ആവശ്യക്കാര്‍ ഉണ്ട്. ഗില്‍നെറ്റ് എന്നറിയപ്പെടുന്ന വലകളില്‍ റ്റോറ്റോബയെ പിടിക്കുമ്പോള്‍ വക്വിറ്റകളും സ്വഭാവികമായും വലയില്‍ കുരുങ്ങുകയും കൊലപ്പെടുകയും ചെയ്യുന്നു. ഇത് വലിയ രീതിയിലുള്ള വംശനാശത്തിലേക്ക് നയിക്കുന്നുണ്ട്.