2016 നവംബര്‍ 19 ന് തൃശ്ശൂര്‍ ജില്ലയിലെ പെരുമ്പടപ്പില്‍ വച്ച് നടന്ന വാഹനാപകത്തിലാണ് നജീബ് എന്ന പന്ത്രണ്ടാം ക്ലാസ്സുകാരനും സുഹൃത്തും മരണപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ നജീബിന്റെയും സുഹൃത്തിന്റെയും മരണം ചര്‍ച്ചയാവുന്നത് മറ്റൊരു രീതിയിലാണ്. മനഃപ്പൂര്‍വ്വം സൃഷ്ടിച്ചെടുക്കുന്ന അപകടത്തിനു ശേഷം അവയവങ്ങൾ കവർന്നെടുക്കുന്ന വലിയൊരു മാഫിയ ആണ് നജീബിന്റെ മരണത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് പിതാവിൻറെ വാദം.
അപകടം നടന്ന ദിവസം ഗുരുതരമായി പരിക്കേറ്റ സഹയാത്രികനെ ശ്രദ്ധിക്കാതെ ചെറിയ പരിക്കുകള്‍ പറ്റിയ നജീബിനെ കുന്നംകുളത്തു നിന്നുള്ള ആംബുലന്‍സില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു എന്ന് കണ്ടുനിന്നവര്‍ പറഞ്ഞതായാണ് നജീബിന്റെ പിതാവ് പറയുന്നത്. ആശുപത്രിയിലോ എഫ്ഐആറിലോ ഒന്നും തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ വിവരങ്ങള്‍ ഇല്ലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സിഐ, എസ്ഐ എന്നിവര്‍ക്ക് പരാതി പിതാവ് നല്‍കിയിരുന്നു.
കുട്ടിയുടെ കഴുത്തില്‍ കണ്ട ശസ്ത്രക്രിയ നടത്തിയ പാടുകള്‍ സംശയമുളവാക്കിയെന്നും അന്വേഷണത്തില്‍ ഡോക്ടര്‍മാര്‍ക്കു പോലും ഇതിനെപ്പറ്റി ധാരണ ഉണ്ടായിരുന്നില്ല എന്നും പിതാവ് ആരോപിക്കുന്നു. ഏകദേശം രണ്ടു വര്‍ഷം മുമ്പ് കഴുത്തില്‍ ഘടിപ്പിച്ച മൈന്‍ഡ് റീഡര്‍ പോലെ എന്തോ ചിപ്പ് എടുക്കാനായി നടത്തിയതാവാം കഴുത്തിലെ മുറിവ് എന്ന് പിതാവ് ആരോപിക്കുന്നു. സമാനമായി കണ്ണിനു മുകളിലായുള്ള മുറിവ് കണ്ണ് എടുക്കുന്നതിനു വേണ്ടി ചെയ്ത ശസ്ത്രക്രിയ മൂലമാണെന്നും അദ്ദേഹം പറയുന്നുണ്ട്.
തന്റെ മകന്റെ മരണത്തിനു കാരണം അവയവ മാഫിയയാണെന്നും വന്‍ തട്ടിപ്പാണ് നടന്നതെന്നും ഉള്ള പരാതിയുമായി നിയമപരമായി നീങ്ങുകയാണ് ഇപ്പോള്‍ നജീബിൻറെ പിതാവ്.
അതേസമയം ആശുപത്രിക്കെതിരെ ഉയരുന്ന ഇത്തരം അപവാദ പ്രചരണങ്ങൾക്കെതിരെ പോലീസിൽ പരാതി നൽകിയതായി തൃശൂർ അമല ആശുപത്രി ഡയറക്ടറായ ഫാദർ ഫ്രാൻസിസ് കുരിശ്ശേരി ഫാക്ട്ഇൻക്വസ്റ്റിനോട് പ്രതികരിച്ചു. ഇത്തരത്തിൽ ആസൂത്രിതമായി അപകടം സൃഷ്ടിക്കുകയും അവയവ തട്ടിപ്പ് നടത്തുകയും ചെയ്തു എന്ന് പ്രചരിപ്പിക്കുന്നത് അസംഭവ്യമാണെന്നും അത്തരത്തിൽ ഒന്ന് ഉണ്ടായിട്ടില്ലെന്നും അമല ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ഭവദാസൻ പറഞ്ഞു.
എന്നാൽ നജീബിൻ്റെ പിതാവ് ഉന്നയിക്കുന്നതു പോലെ അവയവങ്ങൾ നഷ്ടപ്പെട്ടതായി സാധൂകരിക്കുന്ന യാതൊരു തെളിവുകളും തന്നെ ഇല്ല. എല്ലാ ആന്തരിക അവയവങ്ങളും ഉള്ളതായും അവയുടെ അപ്പോഴത്തെ അവസ്ഥയെക്കുറിച്ചും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. അതുകൊണ്ടു തന്നെ ഇപ്രകാരമുള്ള ആരോപണങ്ങൾക്ക് യാതൊരു കഴമ്പുമില്ല.
നേത്ര ദാനത്തിന് കോർണിയ എടുക്കുന്നതിന് മുറിവോ പാടുകളോ ഒന്നും തന്നെ കണ്ണിനു ചുറ്റും ഉണ്ടാവാറില്ല. കണ്ണിനു മുകളിലായുള്ള മുറിവ് ഇപ്രകാരം സംഭവിച്ചതാകാം എന്ന വാദം നജീബിൻറെ പിതാവിൻറെ തെറ്റിദ്ധാരണ മാത്രമാണ്.
ഇപ്രകാരമുള്ള ഗൂഡാലോചന സിദ്ധാന്തങ്ങളും വ്യാജവാർത്തകളും മൂലം നിലവിൽ അവയവങ്ങള്‍ ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ പോലും പിൻമാറുന്ന അവസ്ഥയാണ്. ജീവൻ തിരിച്ചു പിടിക്കാനുള്ള ഒരു രോഗിയുടെ അവസരങ്ങൾ ഇല്ലാതാക്കുക കൂടിയാണ് ഇതിലൂടെ സംഭവിക്കുന്നത്. പല മാധ്യമങ്ങളും കൃത്യമായ വസ്തുതകൾ അന്വേഷിക്കാതെ ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത് അവയവദാനത്തെക്കുറിച്ച് ആളുകളിൽ നിലൽക്കുന്ന തെറ്റിദ്ധാരണകളെ ശക്തിപ്പെടുത്തുന്നു. ഇത് തികച്ചും ഭീതിജനകമാണ്.
Content Highlights: Organ mafia scandal against Thrissur Amala hospital. Is it possible?