ചിക്കന്‍ പോക്‌സിനു ഹോമിയോ ചികിത്സയെടുത്തത് മൂലം രോഗി മരണപ്പെട്ടു ; ഡോക്ടറുടെ വെളിപ്പെടുത്തല്‍

വൈറസ് രോഗമായ ചിക്കന്‍ പോക്‌സ് ബാധിച്ച
ചിക്കന്‍ പോക്‌സിനു ഹോമിയോ ചികിത്സയെടുത്തത് മൂലം രോഗി മരണപ്പെട്ടു ; ഡോക്ടറുടെ വെളിപ്പെടുത്തല്‍

ചിക്കന്‍ പോക്‌സിനു ഹോമിയോ ചികിത്സയെടുത്തത് മൂലം അസുഖം ഗുരുതരമായി രോഗി മരണപ്പെട്ടു .കോട്ടയം മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനായ ചന്തു ബാലചന്ദ്രനാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്.

വൈറസ് രോഗമായ ചിക്കന്‍ പോക്‌സ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോള്‍ രോഗിക്ക് 102 ഡിഗ്രി പനിയും ശരീരമാസകലം കുരുക്കളും ,പിച്ചും പേയും പറയുന്നുണ്ടായിരുന്നു.പിന്നീട് രോഗിയുടെ വീട്ടുകാരിലൂടെയാണ് അസുഖം വന്നപ്പോള്‍ ഇയാള്‍ ഹോമിയോ ചികിത്സയാണ് സ്വീകരിച്ചിരുന്നതെന്ന് അറിഞ്ഞത് .

എന്നാല്‍ ആശുപത്രിയില്‍ എത്തിച്ച് ഒരു മണിക്കൂര്‍ കൊണ്ട് രോഗി മരണപ്പെട്ടുവെന്നും ഡോക്ടര്‍ പറയുന്നു. ഒരു ഗുളിക മാത്രം കേവലം ഏഴുദിവസം കഴിച്ചാല്‍ ഫലപ്രദമായി ചികിത്സിക്കാവുന്ന ഒരു രോഗത്തിന് ഹോമിയോ ചികിത്സ സ്വീകരിച്ചത് കൊണ്ട് മാത്രമാണ് രോഗി മരണപ്പെട്ടതെന്നും ചന്തു ബാലചന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

4:30pm : റെഡ് സോൺ, കോട്ടയം മെഡിക്കൽ കോളേജ് !!

അത്യാഹിതത്തിലെ സാമാന്യം ഭേദപ്പെട്ട തിരക്കൊക്കെ ഒഴിഞ്ഞശേഷം ഒരു പത്തുമിനിറ്റ് വിശ്രമിക്കാനായി കസേരയിലേക്ക് ഇരുന്നതാണ് ഞാൻ.(ഹൗസ് സർജൻ )

ട്രയാജ് നേഴ്സ് : ഡോക്ടർജി, ഒരു ചിക്കൻ പോക്സ് കേസുണ്ട്, യെല്ലോയിലേക്ക് (യെല്ലോ സോൺ ) കയറ്റുവാണ്, ഇച്ചിരി സിക്ക് ആണെന്ന് തോന്നുന്നു.

ഞാൻ : ചിക്കൻ പോക്സ് ഒക്കെ എന്തോന്ന് ഇത്ര സിക്ക് ആവാൻ ?

റെഡ് സോൺ PG ഡോക്ടർ 1: ഡാ, പോയി നോക്കെടാ..

ഞാൻ : സിസ്റ്റർജി, ഒന്ന് മെഡിസിൻകാരെ അറിയിച്ചേക്ക്.

4:35pm യെല്ലോ സോൺ

മുഖം മുഴുവൻ ചിക്കൻ പോക്സ് കുരുക്കളുമായി ഏകദേശം 50 വയസുള്ള ഒരാൾ കിടക്കുകയാണ്. ഇത്രയും കൂടുതൽ കുരുക്കൾ ഞാൻ ആദ്യമായിട്ടാണ് ഒരാളുടെ മുഖത്ത് കാണുന്നത്.

ഞാൻ : ആ ഷീറ്റ് ഒന്ന് മാറ്റമോ, ശരീരം ഒന്ന് കാണട്ടെ ? ആ മുണ്ടും കൂടെ മാറ്റിക്കോളൂ..

കൂടെ വന്നയാൾ ഷീറ്റ് മാറ്റുന്നു, നെഞ്ചത്തും വയറ്റിലും ഒക്കെ കുരുക്കളാണ്. കാലിലും കയ്യിലും വൃഷണത്തിലും ഒക്കെ നിറയെ കുരുക്കൾ !!

ഞാൻ : ഇത് എങ്ങനെയാണ് ഇത്രയധികം ആയത് ? നിങ്ങൾ ഇതുവരെ മരുന്ന് ഒന്നും കഴിച്ചില്ലേ ?

രോഗിയുടെ മകൻ : സാറേ ഇതിപ്പോ അച്ഛന് പനി തുടങ്ങിയിട്ട് ഏഴെട്ട് ദിവസമായി. അപ്പൊ തന്നെ അടുത്ത ആശുപത്രിയിൽ കാണിച്ചു. അന്നേരം ഈ കുരു ഒന്നുമില്ലായിരുന്നു..
പിറ്റേന്ന് മുതലാണ് ഈ കുരുക്കൾ കാണാൻ തുടങ്ങിയത്. അന്നേരം വീണ്ടും ഞങ്ങൾ അതേ ആശുപത്രിയിൽ പോയിരുന്നു. അപ്പൊ അവിടുന്ന് പറഞ്ഞു, ചിക്കൻ പോക്സ് ആണെന്ന്. അതിനുള്ള മരുന്ന് നൽകിയിട്ടുണ്ടെന്നും ഉപ്പ് കഴിക്കരുതെന്നും പറഞ്ഞു.

ഉപ്പ് കഴിച്ചാൽ അസുഖം പുറത്തേക്ക് വരില്ല എന്ന് പറഞ്ഞു. കുരുക്കളുടെ എണ്ണം കൂടുമെന്നും പറഞ്ഞു.

ഞാൻ : നിങ്ങൾ ഏത് ആശുപത്രിയിലാണ് പോയത് ?

മകൻ : സർക്കാർ ഹോമിയോ ആശുപത്രിയിലാണ് സാറേ.

രോഗി ചുമ്മയ്ക്കുന്നു, എന്തൊക്കെയോ പിച്ചും പേയും പറയുന്നു.. അപ്പോഴേക്കും റെഡ് സോണിൽ നിന്നും ബ്രദർ ഓടി എത്തി..

ഞാൻ : ഈ ചുമയൊക്കെ തുടങ്ങിയത് എപ്പോഴാണ് ?

മകൻ : രണ്ടുദിവസമായി സാറേ. നല്ല ചുമയാണ്. കഫവുമുണ്ട്. ഇതൊക്കെ ഈ അസുഖത്തിന്റെ ഭാഗമാണ് എന്നാ അവിടുത്തെ ഡോക്ടർ പറഞ്ഞത്.

ബ്രദർ : ഡോക്ടർജി, പനി ഉണ്ട്, Temp: 102 ഡിഗ്രി ആണ്..

ഞാൻ : ബ്രദറെ, ഒരു പാരസെറ്റമോൾ IV ഇട്ടോളൂ. ബ്ലഡ്‌ എടുക്കാനായി ബ്ലീഡിറെയും വിളിച്ചോളൂ..

ഞാൻ ( രോഗിയുടെ മകനോട് ) : എന്നിട്ട് ഇപ്പോളെന്തിനാ ഇവിടേക്ക് കൊണ്ടുവന്നത് ? എന്തായാലും അഡ്മിറ്റ്‌ ആക്കണം. കൂടെയുള്ളതിൽ ഒരാൾപോയി റൂം 117ൽ നിന്നും ബുക്ക്‌ മേടിച്ചോണ്ട് വാ, പെട്ടെന്ന് !!!

മകൻ : ഇന്നലെ വൈകിട്ട് തൊട്ട് എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ട് സാറേ. ഇന്നാണെൽ അച്ഛൻ താഴെ വീണ് കിടക്കുകയായിരുന്നു.. കൈയും കാലും ഒക്കെ ഇട്ട് അടിക്കുന്നുണ്ടായിരുന്നു.. ഒരുമാതിരി ജെന്നി വന്നപോലെ !!

ഞാൻ രോഗിയുടെ തല നോക്കി, നെറ്റിയുടെ ഭാഗത്തായി ഒരു മുറിവുണ്ട്. അത് വീണപ്പോൾ ഉണ്ടായതാവാം.

4:40pm: മെഡിസിൻ കാഷ്വൽറ്റിയിൽ നിന്നും ഒരു PG ചേട്ടൻ ഓടിയെത്തുന്നു..

PG 2: എന്നാടാ, എന്നാ കേസ് ?

ഞാൻ : ചിക്കൻ പോക്സ് ആണ് ചേട്ടാ.. നല്ല ചുമയുണ്ട്. റെസ്പിറേറ്ററി റേറ്റ് 40 ഉണ്ട്..(Tachypnea) ന്യൂമോണിയ അടിച്ചോ എന്ന് സംശയമുണ്ട്. പിന്നെ ഒരു altered sensorium (പിച്ചും പേയും) ഉണ്ട്. ഒരു ഹിസ്റ്ററി ഓഫ് ഫാൾ പറയുന്നുണ്ട്, ഒരു seizure ഉം (വീണ്, ജെന്നി ഉണ്ടായി )

PG2: നീ എന്തായാലും അഡ്മിറ്റ്‌ ചെയ്, IDUലേക്ക് ( സംക്രമികരോഗ വിഭാഗം ). ബ്ലഡ്‌ എല്ലാം വിട്ടോ. ഒരു CT( തലയുടെ സ്കാൻ) എടുപ്പിക്കാൻ പറ്റുമോ എന്ന് നോക്ക്.. എന്തേലും ഉണ്ടെങ്കിൽ വിളിക്ക്.

ഞാൻ : എല്ലാം ചെയ്തിട്ടുണ്ട്.. CT ഇപ്പോൾ തന്നെ അന്വേഷികാം !!

4:45pm: CT സ്കാൻ മുറി

ഞാൻ : ഒരു CT ഹെഡ് എടുക്കണം. എമർജൻസി ആണ്. പക്ഷെ രോഗിക്ക് ചിക്കൻ പോക്സ് ആണ്. എടുക്കാൻ പറ്റുമോ ?

CT മുറിയിലെ ടെക്‌നിഷ്യൻ ചേട്ടൻ : രോഗിക്ക് ആവശ്യമാണെങ്കിൽ നമ്മക്ക് എടുക്കാം സാറേ. സാറ് കൊണ്ടുവാ..

4:50pm : രോഗിയെ CT മുറിയിൽ കയറ്റുന്നു.. പക്ഷെ അപ്പോഴേക്കും ചുമ വല്ലാതെ കൂടി..രക്തം ചുമച്ചു തുപ്പാൻ തുടങ്ങി.. CT എടുക്കാൻ സാധ്യമല്ല എന്ന് മനസിലാക്കികൊണ്ട് രോഗിയെ വീണ്ടും യെല്ലോ സോണിലേക്ക് മടക്കി കൊണ്ട് വരുന്നു..

4:55pm : രോഗിയുടെ ബന്ധുക്കൾ അഡ്മിഷൻ ബുക്കുമായി എത്തുന്നു.. ഡോക്ടർസ് ഒർടേഴ്‌സ് ( മരുന്നുകളും, ചെയ്യാനുള്ള മറ്റു കാര്യങ്ങളും) എഴുതുന്നു.. ആദ്യത്തെ ഡോസ് മരുന്നുകൾ ബ്രദർ രോഗിക്ക് നൽകുന്നു..

5:00pm

രോഗിയുടെ ബന്ധുക്കൾ : സാറേ, അനങ്ങുന്നില്ല..

ഞാൻ ഓടിച്ചെന്ന് നോക്കുന്നു.. പൾസ്‌ കിട്ടുന്നില്ല, ശ്വാസം എടുക്കുന്നില്ല..

ഞാൻ CPR ( റെസ്സ്‌സിറ്റേഷൻ ) തുടങ്ങുന്നു… ബ്രദറെ, മെഡിസിനിൽ നിന്നും ചേട്ടനെ വിളിക്ക്..

5:02pm PG2: എന്നാടാ..

ഞാൻ : പെട്ടെന്ന് അറസ്റ്റ് ആയി ചേട്ടാ..

ഞാനും ചേട്ടനും മാറി മാറി CPR കൊടുക്കുന്നു.. അമ്പു ബാഗ് (Ambu bag ) വെച്ച് ശ്വാസം കൊടുക്കുന്നു.. ഞങ്ങൾ ക്ഷീണിച്ചു തുടങ്ങിയപ്പോഴേക്ക് ഡെൽവിൻ എവിടുന്നോ ഓടി എത്തി.. അവനും കുറച്ചുനേരം CPR കൊടുക്കുന്നു.. ഇതിനിടയിൽ ബ്രദർ മൂന്ന് പ്രാവശ്യം അട്രോപ്പിൻ – അഡ്രെനലിന് തുടങ്ങിയ ജീവൻരക്ഷാ മരുന്നുകൾ കൊടുക്കുന്നു..

5:25pm: രോഗി മരിക്കുന്നു !!

——————————————-

പല ഡോക്ടർമാരും വിജയിച്ച ഓപ്പറേഷന്റെയും, രക്ഷിച്ച രോഗികളുടെയും കഥകൾ പങ്കുവെക്കുമ്പോൾ, പ്രാക്ടീസ് തുടങ്ങി വെറും നാലുമാസങ്ങൾ കഴിഞ്ഞ ഞാനെന്തിനാണ് പരാജയപ്പെട്ട, രോഗി നഷ്ടപെട്ട ഈ കഥപറയുന്നത് എന്നാവും ചോദ്യം.

അസൈക്ലോവിർ എന്ന് പേരുള്ള ഒരു ഗുളിക കേവലം ഏഴുദിവസം കഴിച്ചാൽ ഫലപ്രദമായി ചികില്സിക്കാവുന്ന ഒരു രോഗത്തെ, ഒരു പാടുപോലും മുഖത്ത് വരുത്താതെ ഒഴിഞ്ഞുപോകുന്ന ഒരു രോഗത്തെ, ആരാണ് ഒരു രോഗിയുടെ മരണകാരണം ആക്കിയത് ?

അശാസ്ത്രീയം ആണ് ഹോമിയോ എന്ന് നിരന്തരം ഫേസ്ബുക്കിലും മറ്റും പോസ്റ്റുകൾ വന്നിട്ടും, വീണ്ടും ഹോമിയോ ചികിത്സ തേടിപ്പോയ ആ രോഗിയും, അദ്ദേഹത്തിന്റെ വീട്ടുകാരുമാണോ ?

ശരിയായ മരുന്നല്ല കൊടുക്കുന്നത് എന്ന് അറിഞ്ഞിട്ടും, വീണ്ടും അത് തന്നെ കൊടുക്കുകയും,
രോഗം കൂടുതൽ സങ്കീർണമാവുകയാണ് എന്ന് തോന്നിയിട്ടും അത് മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യാതെ, അസുഖം പുറത്ത് വരുന്നതാണ് എന്ന് രോഗിയെയും ബന്ധുക്കളെയും തെറ്റിദ്ധരിപ്പിക്കുകയും ചെയുകയും,
ഇതിനെല്ലാം പുറമെ ഉപ്പ് ഒഴിവാക്കണം എന്ന നിബന്ധനവെച്ച് രോഗിയെ hyponatremia എന്ന ഗുരുതരമായ അവസ്ഥയിലേക്ക് തള്ളിവിടുകയും ചെയ്ത ഹോമിയോ ഡോക്ടർമാരാണോ ?

അതോ, ലോകത്തിലെ പല രാജ്യങ്ങളും അംഗീകാരം എടുത്തുകളഞ്ഞ, ഇൻഷുറൻസ് പരിരക്ഷപോലും നൽകാത്ത, കാലഹരണപ്പെട്ട ഒരു ചികിത്സാരീതിയെ ഇപ്പോഴും പിന്തുണക്കുകയും, അതിനായി സർക്കാർ ചിലവിൽ ആശുപത്രികൾ നടത്തുകയും ചെയുന്ന നമ്മടെ ഭരണസംവിധാനമോ ?

ആരാണ് ഇവിടെ കുറ്റക്കാർ ???

ഒന്നുമാത്രം പറയാം, ആ മനുഷ്യൻ മരിച്ചതല്ല.. കൊല്ലപ്പെട്ടതാണ്…