രാജ്ഭവന് മുന്നിലൂടെ കാറില്‍ പോയ എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിനെ സല്യൂട്ട് ചെയ്യാതിരുന്ന 20 ഓളം പൊലീസുകാർക്കെതിരെ നടപടി എടുത്തു. രാജ് ഭവൻ ഡ്യൂട്ടിക്കിടെ തലയിൽ തൊപ്പി ധരിക്കാതിരുന്നതും, ഉന്നത ഉദ്യോഗസ്ഥരെ ബഹുമാനിക്കാനിക്കാതിരുന്നതിനും എതിരെയാണ് നടപടി.
രാജ്‍ഭവന് മുന്നില്‍ സമരക്കാരെ തടയാൻ നിയോഗിച്ചിരുന്ന പേരൂർക്കട എസ്എപി ക്യാംപിലെ പൊലീസുകാർക്കാണ് മലപ്പുറം പാണ്ടിക്കാട്ട് ശിക്ഷാ പരിശീലനത്തിന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. 7 ദിവസത്തേക്കാണ് ശിക്ഷാ നടപടി. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്നലെ രാവിലെ പത്ത് മണിയോടെ രാജ്‍ഭവന് മുന്‍പിലൂടെ കടന്നുപോയപ്പോള്‍ എസ്എപി ക്യാംപിലെ പൊലീസുകാര്‍ സല്യൂട്ട് ചെയ്തില്ലെന്നാണ് പരാതി.
രാജ്‍ഭവന് മുന്നിലെ ഡ്യൂട്ടി കഴിഞ്ഞ ഉടന്‍ തന്നെ ഇരുപത് പേരോടും ഹാജരാകാന്‍ ബറ്റാലിയൻ ഡിഐജി പി. പ്രകാശ് നിർദേശം നല്‍കുകയായിരുന്നു. മേലുദ്യോഗസ്ഥരെ ബഹുമാനിച്ചില്ലെന്ന കാരണത്താല്‍ പൊലീസുകാരെ രൂക്ഷമായി ശാസിച്ച ശേഷം നടപടി എടുത്തു. ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയ പൊലീസുകാരെയാണ് ശിക്ഷാ പരേഡിന് അയച്ചിരിക്കുന്നത്.
Content Highlights: civil police officers get punished for not saluting ADGP