ചാന്ദ്രയാന്‍ 2; ലാന്‍ഡര്‍ നാളെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങും

ശനിയാഴ്ച പുലര്‍ച്ചെ 1:30 നും 2:30 നും ഇടയിലാണ് ലാന്‍ഡര്‍ ഇറങ്ങുന്നത്.

ബെംഗളുരു: ഇന്ത്യയുടെ അഭിമാനനേട്ടമായി ചാന്ദ്രയാന്‍-2ന്റെ ഭാഗമായ ലാന്‍ഡര്‍ നാളെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങും. ശനിയാഴ്ച പുലര്‍ച്ചെ 1:30 നും 2:30 നും ഇടയിലാണ് ലാന്‍ഡര്‍ ഇറങ്ങുന്നത്.

ലാന്‍ഡര്‍ സുരക്ഷിതമായി ചന്ദ്രനില്‍ ഇറക്കുകയെന്നത് സങ്കീര്‍ണത നിറഞ്ഞ ദൗത്യമാണ്. ചന്ദ്രനില്‍ നിന്ന് കുറഞ്ഞ ദൂരമായ 45 കിലോമീറ്ററും കൂടിയ ദൂരമായ 101 കിലോമീറ്ററും ഉള്ള ഭ്രമണപഥത്തിലാണ് ലാന്‍ഡര്‍ സഞ്ചരിക്കുന്നത്. എല്ലാം കൃത്യമായ പ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍ ചാന്ദ്രയാന്‍ 2 പ്രവര്‍ത്തിക്കുന്നതെന്നും വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു.

ജൂലൈ 22നാണ് ഇന്ത്യയുടെ ചന്ദ്രബഹിരാകാശ പേടകമായ ചാന്ദ്രയാന്‍ 2 വിക്ഷേപിച്ചത്. വിക്ഷേപിച്ച് 47 ദിവസങ്ങള്‍ക്കു കൊണ്ട് 3.84 ലക്ഷം കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. ഈ ദൗത്യം വിജയകരമായാല്‍ സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ച മറ്റു രാജ്യങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here