ഒരു വര്‍ഷത്തിനകം തൃണമൂല്‍ കോണ്‍ഗ്രസ് ഇല്ലാതാകും:ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ

കൊല്‍ക്കത്ത: മമതാ ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് അടുത്ത ഒരു വര്‍ഷത്തിനിടയില്‍ നിലം പതിക്കുമെന്ന് ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ.

അടുത്ത് ബംഗാളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ ഭരിച്ചു കൊണ്ടിരിക്കുന്ന തൃണമൂല്‍ പാര്‍ട്ടിക്ക് ഭരണം നിലനിര്‍ത്താനാവില്ല. മാത്രമല്ല പാര്‍ട്ടിയോട് വിയോജിപ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 2021നപ്പുറം തൃണമൂല്‍ കോണ്‍ഗ്രസിന് നിലനില്‍ക്കാനാവില്ല. പോലീസിന്റെയും സിഐഡിയുടേയും സഹായത്തോടെയാണ് പാര്‍ട്ടി ഭരിക്കുന്നതെന്നും സിന്‍ഹ പറഞ്ഞു. മൂന്നു കോണ്‍ഗ്രസ് എംഎല്‍എമാരും 50-60 കൗണ്‍സിലര്‍മാരും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് സിന്‍ഹയുടെ വിമര്‍ശനം.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ വലിയ പരാജയം ഏറ്റു വാങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമങ്ങളാണ് ചെയ്യുന്നത്. ബിജെപിക്കു വേണ്ടി പ്രവര്‍ത്തിച്ച പ്രവര്‍ത്തകരേയും മര്‍ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വിജയിച്ച ശേഷം സംസ്ഥാനത്ത് അക്രമങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നും സിന്‍ഹ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ആകെയുള്ള 42 സീറ്റുകളില്‍ 18 എണ്ണം ബിജെപി നേടിയപ്പോള്‍ 24 സീറ്റുകളാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേടിയത്.