പാകിസ്ഥാൻ ഇന്ത്യയെപ്പോലെ എറ്റവും ഒടുവിലായില്ല, മലാലയുടെ ട്രോളിനെതിരെ സോഷ്യൽ മീഡിയ

ഐസിസി വേള്‍ഡ് കപ്പ് ഉദ്ഘാടനത്തിന് മുന്നോടിയായി ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിന് മുമ്പില്‍ നടന്ന ചടങ്ങില്‍ ഇന്ത്യക്കെതിരെ മലാലയുടെ ട്രോള്‍. ലോകകപ്പില്‍ പങ്കെടുക്കുന്ന പത്ത് രാജ്യങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു ഗല്ലി ക്രിക്കറ്റ് ചലഞ്ച് ചടങ്ങില്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ അനില്‍ കുംബ്ലെയും ഫര്‍ഹാന്‍ അക്തറുമായിരുന്നു ഇന്ത്യയിലെ പ്രതിനിധികളായി ഉണ്ടായിരുന്നത്.

മത്സരത്തില്‍ 19 റണ്‍സ് മാത്രമേ ഇവര്‍ക്ക് നേടാന്‍ സാധിച്ചുള്ളു. ഇവരായിരുന്നു ഏറ്റവും പിന്നില്‍. ചലഞ്ചുമായി ബന്ധപ്പെട്ടുള്ള അഭിപ്രായം മാധ്യമ പ്രവര്‍ത്തകര്‍ സമാധാന നോബെല്‍ പുരസ്‌കാര ജേതാവായ മലാലയോട് ചോദിച്ചിരുന്നു. ഇതിനു മറുപടിയായി ‘പാകിസ്ഥാന്‍ അത്രയ്ക്ക് മോശമല്ലാതെ കളിച്ചു. ഞങ്ങള്‍ ഏഴാം സ്ഥാനത്തെത്തി. എങ്കിലും ഞങ്ങള്‍ ഇന്ത്യയെപ്പോലെ ഏറ്റവും ഒടുവില്‍ ആയില്ല. യഥാര്‍ത്ഥ ആവേശം ഉള്‍ക്കൊണ്ട് കളിക്കുകയാണെങ്കില്‍ കളി ആളുകളെ ഒന്നിപ്പിക്കുമെന്ന്’ മലാല മറുപടി നല്‍കിയിരുന്നു.

എന്നാല്‍ പാകിസ്ഥാന്‍ ഇന്ത്യയെപ്പോലെ എറ്റവും ഒടുവിലല്ലെന്ന പരാമര്‍ശം സോഷ്യല്‍ മീഡിയയ്ക്ക് അത്രയ്ക്കങ്ങ് പിടിച്ചില്ല. ഇതിനെ വിമര്‍ശിച്ചുകൊണ്ട് ധാരാളം ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. പാക് ടീമിന്റെ പ്രതിനിധിയായാണ് മലാല ഉദ്ഘാടന ചടങ്ങിനെത്തിയത്. മുന്‍ ക്രിക്കറ്റ് താരം അസ്ഹര്‍ അലി ആയിരുന്നു ഒപ്പം.