ഇന്ത്യയ്ക്കുളള വ്യാപാരമുന്‍ഗണന ബുധനാഴ്ച മുതല്‍ നിര്‍ത്തലാക്കും; കടുപ്പിച്ച് ട്രംപ്

ജൂണ്‍ അഞ്ചോടുകൂടി ഇന്ത്യയുമായുള്ള വ്യാപാര മുന്‍ഗണന അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോനാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ ആവശ്യത്തിന് മുന്‍ഗണന ലഭിക്കുന്നില്ലെന്നാരോപിച്ചാണ് ട്രംപിന്റെ ഈ നടപടി. വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള മുന്‍ഗണന രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കുമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ജൂണ്‍ 5 മുതല്‍ വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് തീരുമാനിച്ചത്.

യുഎസില്‍ എഴുപതുകള്‍ മുതല്‍ നിലവിലുള്ളതാണ് വികസ്വര രാജ്യങ്ങള്‍ക്കുള്ള മുന്‍ഗണനാപ്പട്ടിക. വികസ്വര രാജ്യങ്ങള്‍ക്ക് അമേരിക്കയില്‍ മുന്‍ഗണന നല്‍കുമ്പോള്‍ അതിന് പകരമായി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള രാജ്യങ്ങള്‍ അവരുടെ വിപണി അമേരിക്കന്‍ കമ്പനികള്‍ക്കു തുറന്നു കൊടുക്കണം എന്ന നിബന്ധനയുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി കൂടുതലും ഇറക്കുമതി കുറവുമാണ്. ഇതാണ് ഇന്ത്യയുമായുള്ള വ്യാപാര മുന്‍ഗണന അവസാനിപ്പിക്കുവാനുള്ള ടംപിന്റെ പുതിയ തീരുമാനത്തിന് ഇടയാക്കിയത്.