ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള അനുകൂല വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു പാര്‍ട്ടിയെ അനുകൂലിച്ച കുറേ പേര്‍ ഇത്തവണ ബിജെപിയെ പിന്തുണച്ചെന്നും യെച്ചൂരി പറഞ്ഞു. ഇവരില്‍ പാര്‍ട്ടി അംഗങ്ങള്‍ ആരുമില്ലെന്നും സംസ്ഥാന കമ്മിറ്റി യോഗത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ജനങ്ങള്‍ ബിജെപിയെ അനുകൂലിച്ച് വോട്ടു നല്‍കിയതാണ് പാര്‍ട്ടിക്ക് തിരിച്ചടിയായത്. ബംഗാളില്‍ 18 സീറ്റുകളാണ് ബിജെപി നേടിയത്. അതോടൊപ്പം മതേതര വോട്ടുകള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിച്ചതോടെ വോട്ടുകള്‍ തൃണമൂലിനും ബിജെപിക്കുമായി വിഭജിക്കപ്പെട്ടുവെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ത്തന്നെ ഇടതു പക്ഷത്തിനെതിരായ മുദ്രാവാക്യങ്ങളാണ് കേട്ടിരുന്നത്. ബിജെപിയെ അനുകൂലിച്ചുള്ള നിലപാടാണ് ആളുകള്‍ എടുത്തിരുന്നതും.
കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് പാര്‍ട്ടി തയ്യാറല്ലെന്നും യെച്ചൂരി പറഞ്ഞു. ഇടതു പക്ഷം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതിരുന്ന രണ്ട് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചതെന്നും അതിനാല്‍ തന്നെ സഖ്യം എന്തുകൊണ്ട് യാഥാര്‍ത്ഥ്യമായില്ലെന്ന് കോണ്‍ഗ്രസാണ് പറയേണ്ടതെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. എന്നാല്‍ ബംഗാളില്‍ പാര്‍ട്ടി പ്രതിനിധീകരിച്ച് മത്സരിച്ച 40 പേരില്‍ 39 പേര്‍ക്കും കെട്ടിവച്ച പണം നഷ്ടമായിരുന്നു.