യു.എസുമായുള്ള ആണവ കരാറിൽനിന്ന് പിൻമാറുമെന്ന് റഷ്യ

അമേരിക്കയുമായുള്ള ‘ന്യൂ സ്റ്റാർട്ട്’ ആണവ കരാറിൽനിന്ന് പിൻമാറുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. സെന്റ് പീറ്റേഴ്സ് ബർഗിൽ സാമ്പത്തിക ഫോറത്തിൽ സംസാരിക്കവെ റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കരാർ നീട്ടാൻ തയാറാണെന്ന് ഞങ്ങൾ നിരവധി തവണ പറഞ്ഞുകഴിഞ്ഞു. പക്ഷേ ആരും ചർച്ചകൾക്കെത്തിയിട്ടില്ല. ആർക്കും താത്പര്യമില്ലെങ്കിൽ റഷ്യയും ഇല്ല -പുടിൻ പറഞ്ഞു.

ആണവായുധങ്ങളുടെ ഉപയോഗം കുറക്കുന്നതിന് 2010ൽ അന്നത്തെ യു.എസ്, റഷ്യൻ പ്രസിഡൻറുമാരായ ബറാക് ഒബാമയും ദിമിത്രി മെദ്വദേവും ഒപ്പുവെച്ചതാണ് ന്യൂ സ്റ്റാർട്ട് ഉടമ്പടി. ഇതിന്‍റെ കാലാവധി 2021ൽ അവസാനിക്കാനിരിക്കെയാണ് അമേരിക്കക്ക് ഉടമ്പടി നീട്ടുന്നതിൽ താൽപര്യമില്ലെന്ന് കുറ്റപ്പെടുത്തി റഷ്യ രംഗത്തുവന്നിരിക്കുന്നത്.