മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ബി.ജെ.പിയില്‍ ചേരുമെന്ന് സൂചന

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നു സൂചന. ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയെന്ന് ജേക്കബ് തോമസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. എന്നാല്‍ അതേക്കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താന്‍ തയ്യാറല്ലെന്നും രാഷ്ട്രീയപ്രവേശം തന്നെയാണ് തന്റെ ലക്ഷ്യമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍തന്നെ വെളിപ്പെടുത്തിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ ജേക്കബ് തോമസ് തയ്യാറെടുത്തിരുന്നു. എന്നാല്‍, ചില സാങ്കേതിക കാരണങ്ങളാല്‍ മത്സരിക്കാന്‍ സാധിക്കാതെ പോയി. അന്ന് ‘ട്വന്റി ട്വന്റി’ എന്ന പ്രാദേശിക പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കാനായിരുന്നു നീക്കമെങ്കില്‍ ഇന്നിപ്പോള്‍ ജേക്കബ് തോമസ് ബിജെപിയിലേക്ക് ചേക്കേറാനുള്ള സാധ്യതകളാണ് കാണുന്നത്.

സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബര്‍ മുതല്‍ സസ്പെന്‍ഷനിലാണ്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ക്രമക്കേടുകള്‍ നടന്നതിന്റെ പേരിലുള്ള അന്വേഷണത്തിലാണ് അദ്ദേഹത്തെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നേരത്തെ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ സര്‍വീസ് സ്റ്റോറി എഴുതിയതിനെ തുടര്‍ന്ന് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.