സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. കണ്‍സെഷനില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളെ ബസില്‍ കയറാനും ഒഴിവുള്ള സീറ്റുകളില്‍ ഇരിക്കാനും ജീവനക്കാര്‍ അനുവദിക്കുന്നുണ്ടെന്ന് ആര്‍.ടി.ഒ ഉദ്യോഗസ്ഥരും പോലീസും ഉറപ്പു വരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. വിദ്യാര്‍ഥികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവ് അനുവദിക്കാന്‍ സ്വകാര്യ ബസ് ഉടമകള്‍ക്ക് ബാധ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവരുടെ ഹര്‍ജി.
സീറ്റുകള്‍ ഒഴിഞ്ഞു കിടന്നാലും വിദ്യാര്‍ഥികളെ ബസ് ജീവനക്കാര്‍ ഇരിക്കാന്‍ സമ്മതിക്കുന്നില്ലെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട കോടതി ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. സ്‌കൂള്‍ സമയങ്ങളിലും എന്‍ഫോഴ്‌സ്മെന്റ് ഓഫീസര്‍മാരും പൊലീസും പരിശോധന നടത്തിയിരിക്കണം. സ്റ്റാന്‍ഡുകളിലും സ്റ്റോപ്പുകളിലും കുട്ടികളെ ബസില്‍ കയറ്റാത്ത സാഹചര്യമുണ്ടോയെന്ന് കണ്ടെത്താനാണിത്. ഇത്തരം സംഭവമുണ്ടായാല്‍ ജീവനക്കാര്‍ക്കെതിരെ നിയമ നടപടിയെടുക്കണം. ഒപ്പം യാത്രക്കാര്‍ക്ക് സുരക്ഷിത യാത്രയും മോട്ടോര്‍ വാഹനങ്ങള്‍ക്കുള്ള ഡ്രൈവിംഗ് റെഗുലേഷനുകള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.