സാന്‍ ഫ്രാന്‍സിസ്കോ: അമേരിക്കയിലെ ആമസോണിന്റെ പ്രധാന വിതരണ കേന്ദ്രത്തിന് മുമ്പില്‍ പ്രതിഷേധ റാലി തീര്‍ത്ത് ആമസോണ്‍ തൊഴിലാളികള്‍. ആമസോണിന്റെ പ്രധാന ഷോപ്പിങ് ഇവന്റ് ‘പ്രൈം ഡേ’യിലാണ് തൊഴിലാളികള്‍ സമരവുമായി തെരുവിലിറങ്ങിയത്. ”ഞങ്ങള്‍ മനുഷ്യന്മാരാണ് റോബോട്ടുകള്‍ അല്ല” എന്നെഴുതിയ ബോര്‍ഡുകളുമായാണ് തൊഴിലാളികള്‍ പ്രതിഷേധിക്കുന്നത്. ആമസോണ്‍ ഗോഡൗണുകളിലെ തൊഴിലാളികളുടെ പ്രധാന പ്രശ്നം ഭരണനിര്വ്വഹണസമിതിയുടെ ശ്രദ്ധയില്‍ പെടുത്താനാണ് ആമസോണിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായ ‘പ്രൈം ഡേ’ തന്നെ തിരഞ്ഞെടുത്തതെന്ന് സമരക്കാര്‍ പറയുന്നു.
‘ആമസോണിന് കോടിക്കണക്കിന് സമ്പത്താണ് ഞങ്ങള്‍ ഉണ്ടാക്കിക്കൊടുത്തത്. എന്നാല്‍ ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ബഹുമാനമോ അന്തസോ ലഭിക്കുന്നില്ല’. തൊഴിലാളികള്‍ പറയുന്നു. തൊഴിലിടങ്ങളില്‍ തുല്യമായ അവസരം പ്രാധാന്യം ചെയ്യുക. ജോലി സുരക്ഷ ഉറപ്പുവരുത്തുക, കലാവസ്ഥ വ്യതിയാനം പോലെയുള്ള പ്രശ്നങ്ങളില്‍ കമ്പനിയുടെ ഭാഗത്തുനിന്നും വ്യക്തമായ പരിഹാരം കാണുക എന്നിവയാണ് തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങള്‍. യുഎസ് സെനറ്റ് അംഗങ്ങളായ ബെര്‍നി സാര്ഡേര്സും കമല ഹാരിസും ട്വിറ്ററിലൂടെ സമരത്തിന് പിന്തുണ അറിയിച്ചു. ലോകത്തിലെ ഏറ്റവും ധനവാനായ വ്യക്തിയുടെ കമ്പനിയിലെ തൊഴിലാളികള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അത് ചോദ്യം ചെയ്യുന്നതില്‍ തെറ്റൊന്നുമില്ലെന്ന് ബെര്‍നി സാര്ഡേര്സ് ട്വിറ്ററില്‍ കുറിച്ചു. ജെര്‍മനിയിലെ ആമസോണ്‍ കേന്ദ്രങ്ങളിലെ തൊഴിലാളികളും സമരത്തിന് ഇറങ്ങിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് സാധനം എത്തിച്ച് കൊടുക്കുന്നതില്‍ സമരം ഒരു തടസമാവില്ലെന്ന് കമ്പനി അറിയിച്ചു.