കാശ്മീരില്‍ നിരോധനാജ്ഞ; മുന്‍മുഖ്യമന്ത്രിമാര്‍ വീട്ടു തടങ്കലില്‍

ജമ്മുകാശ്മീര്‍: കാശ്മീരില്‍ സൈനിക സാന്നിധ്യം ശക്തമാക്കിയതോടെ മുന്‍മുഖ്യമന്ത്രിമാരായ മെഹബൂബ മുഫിതി, ഒമര്‍ അബ്ദുള്ള ഉള്‍പ്പെടെയുള്ള നേതാക്കള്‍ കാരണം വെളുപ്പെടുത്താതെ വീട്ടു തടങ്കലിലാക്കി. ശ്രീനഗര്‍, രജൗറി, ഉധംപൂര്‍ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടാതെ പൊതുയോഗങ്ങളും റാലികളും നടത്തുന്നതും വിലക്കിയിട്ടുണ്ട്.

സംഭവത്തില്‍ സിപിഎം ജമ്മുകാശ്മീര്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് യൂസഫ് തരിഗാമി എംഎല്‍എ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ബന്ദിപ്പോര എംഎല്‍എയുമായ ഉസ്മാന്‍ മജീദ് എന്നിവര്‍ അറസ്റ്റിലായി. എന്നാല്‍ ഇതിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് ഇതുവരെ വന്നിട്ടില്ല. ഇവരുടെ അറസ്റ്റ് ഒമര്‍ അബ്ദുള്ളയടക്കമുള്ള നേതാക്കള്‍ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

നിരോധനാജ്ഞയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചിരുന്നു. തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.