മോദി ട്രംപ് കൂടിക്കാഴ്ച ഇന്ന്; കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്‌തേക്കും

ഫ്രാന്‍സ്: പ്രധാനമന്ത്രി നരേന്ദമോദി അമേരിക്കന്‍ പ്രസിഡന്റ് ഡോനാള്‍ഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് ട്രംപ് ആവര്‍ത്തിച്ചതിന് പിന്നാലെയാണ് ഇരുവരുടേയും കൂടിക്കാഴ്ച. കാശ്മീരിലെ സാഹചര്യങ്ങള്‍ മോദി-ട്രംപ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്‌തേക്കും. അമേരിക്കയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതും ചര്‍ച്ചയാകും.

ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഞായറാഴ്ച ഫ്രാന്‍സില്‍ എത്തിയ പ്രധാനമന്ത്രി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറസുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര-പ്രതിരോധ-നിക്ഷേപ രംഗത്തെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് മോദി ജി-7 ഉച്ചകോടിയില്‍ പങ്കെടുത്തത്.