ഡൽഹി: തലച്ചോറില്‍ ഗുരുതര പരിക്കു പറ്റിയ രോഗികൾക്ക് വേദ മന്ത്രങ്ങള്‍ ചൊല്ലിയുള്ള ചികിത്സ പരീക്ഷിച്ച് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യാ ആശുപത്രി. ഇപ്രകാരം വേദമന്ത്രങ്ങള്‍ ഉരുവിട്ടാല്‍ അസുഖം ഭേദമാകുമെന്ന വാദത്തിലാണ് രോഗികളിൽ മന്ത്രചികിത്സ പരീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഗവേഷണത്തിനു വേണ്ടി ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുള്ള രീതി കൂടിയാണ് വേദമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടുള്ള ചികിത്സ.
ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ന്യൂറോഫാര്‍മക്കോളജിസ്റ്റ് റെസിഡന്റായ ഡോ. അശോക് കുമാറാണ് 2014ല്‍ ‘ഗുരുതരമായി തലച്ചോറില്‍ പരിക്കു പറ്റിയ രോഗികളില്‍ മന്ത്രോച്ചാരണങ്ങളുടെ പങ്കി’നെക്കുറിച്ച് പഠനം നടത്തുന്നത്. പുരാതന ഹിന്ദു ഗ്രന്ഥത്തിലെ ഋഗ് വേദത്തിലുള്ള മഹാമൃത്യുഞ്ജയ മന്ത്രങ്ങളാണ് രോഗം ഭേദമാക്കുമെന്ന് കുമാർ വാദിക്കുന്നത്. തലച്ചോറില്‍ ഗുരുതര പരിക്കു പറ്റിയ രോഗികള്‍, എസ്ടിബിഐ(സിവിയര്‍ ട്രോമാറ്റിക് ബ്രെയ്ന്‍ ഇന്‍ച്വറി) എന്നീ രോഗികള്‍ക്ക് വേണ്ടി മഹാമൃത്യുഞ്ജയ മന്ത്രങ്ങള്‍ മറ്റൊരാൾ മുഖേന ഉരുവിടുന്നത് രോഗിയില്‍ രോഗശാന്തി ഉണ്ടാക്കുമെന്നാണ് ഡോ. കുമാർ പഠനത്തിലൂടെ നിര്‍ണ്ണയിക്കാന്‍ ശ്രമിക്കുന്നത്.
പഠനം നടത്തുന്നതിന് കുമാർ ആദ്യം സമീപിച്ചത് എംസിലാണ്. എന്നാൽ പഠനം അശാസ്ത്രീയമെന്ന് പറഞ്ഞ് നിഷേധിച്ച പ്രൊജക്ട് പിന്നീട് റാം മനോഹര്‍ ലോഹ്യാ ആശുപത്രി അനുവദിക്കുകയായിരുന്നു. 2016 മുതല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ നിന്നും മാസം 28,000 രൂപ ഫെല്ലോഷിപ്പോടു കൂടിയാണ് കുമാര്‍ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തുന്നത്.
മന്ത്രോച്ചാരണങ്ങള്‍ അബോധാവസ്ഥയിലുള്ള എസ്ടിബിഐ രോഗികളില്‍ മാനസിക സമ്മര്‍ദ്ദം, സെറം സൈറ്റോകൈന്‍ ലെവല്‍ എന്നിവയില്‍ മാറ്റം ഉണ്ടാക്കുമെന്നും രോഗിക്ക് രോഗം മാറും എന്നതിനെ പറ്റിയുമാണ് പഠനം നടത്തുന്നത്.
പുരാതന ഇന്ത്യയില്‍ യുദ്ധത്തില്‍ മുറിവേല്‍ക്കുന്ന സൈനികരെ മഹാമൃത്യുഞ്ജയ മന്ത്രം ഉരുവിട്ടാണ് പുനരുജ്ജീവിപ്പിച്ചിരുന്നതെന്നും ക്രിസ്ത്യന്‍ മതസ്ഥര്‍ സ്തനാര്‍ബുദത്തിനും ഹൃദയരോഗങ്ങള്‍ക്കും മറ്റും പള്ളികളിലാണ് പോയിരുന്നതെന്നും ഡോ. കുമാര്‍ പറയുന്നു. ക്രിസ്ത്യന്‍ മതത്തേക്കാള്‍ പുരാതനമായ ഹിന്ദു സംസ്‌കാര വിശ്വാസത്തിലെ ശാസ്ത്രീയതയാണ് താന്‍ പഠനവിധേയമാക്കുന്നതെന്നുമാണ് കുമാറിന്റെ വാദം.
ആര്‍എംഎല്‍ ആശുപത്രിയില്‍ 2016 ഒക്ടോബര്‍ മുതല്‍ 2019 ഏപ്രില്‍ വരെയുള്ള മൂന്നു വര്‍ഷത്തോളമായി കുമാര്‍ ഇതുമായി ബന്ധപ്പെട്ട പഠനത്തിലാണ്. തെരഞ്ഞെടുക്കപ്പെട്ട 40 രോഗികളില്‍ 20 പേര്‍ക്ക് മന്ത്രോച്ചാരണം കൊണ്ടും 20 രോഗികള്‍ക്ക് ആധുനിക ചികിത്സ നടത്തിക്കൊണ്ടുമാണ് പഠനം നടത്തുന്നത്. ഇത്തരത്തില്‍ ഇരു വിഭാഗങ്ങളിലും ഉണ്ടാവുന്ന മാറ്റം നിരീക്ഷിച്ച് കൊണ്ടാണ് പഠനം പുരോഗമിക്കുന്നത്. പഠനം നടത്തുന്നതിന് വേണ്ടി ആദ്യ 20 രോഗികളുടെ ബന്ധുക്കളില്‍ നിന്നും അനുമതി പത്രം വാങ്ങിയിട്ടുണ്ടെന്നും കുമാര്‍ പറയുന്നു.
ചികിത്സയുടെ ഭാഗമായി ഏഴു ദിവസങ്ങള്‍ കൊണ്ട് ഒരു രോഗിക്ക് 1.25 ലക്ഷം പ്രാവശ്യമാണ് മന്ത്രങ്ങള്‍ ചൊല്ലുന്നത്. ഈ ഏഴു ദിവസങ്ങള്‍ക്കു മുമ്പും ശേഷവും രോഗികളുടെ രക്ത സാമ്പിളുകള്‍ കുമാര്‍ കൃത്യമായി പരിശോധിക്കുന്നുണ്ട്. ആര്‍എംഎല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വേദ മന്ത്രങ്ങള്‍ അറിയിത്തതിനാല്‍ ഡെല്‍ഹിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി രാഷ്ട്രീയ സംസ്‌കൃത വിദ്യാ പീഠത്തിലെ അധ്യാപകരുടെ സഹായത്തോടെയാണ് പഠനം നടത്തുന്നത്.
ആര്‍എഎല്‍ ആശുപത്രി ന്യൂറോളജി വിഭാഗം മേധാവി ഡോ. അജയ് ചൗധരിയാണ് കുമാറിന്റെ ഗൈഡ്. മന്ത്രോച്ചാരണം കൊണ്ടുള്ള പഠനത്തില്‍ ഇതുവരെ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും അന്തിമ ഫലം വരേണ്ടിയിരിക്കുന്നു എന്നും ഡോ. അജയ് ചൗധരി പറയുന്നു.
എന്നാല്‍ ഇത്തരം ഗവേഷണങ്ങള്‍ പാഴ്ച്ചിലവാണെന്നു വിമര്‍ശിച്ചു കൊണ്ട് നിരവധി പേരാണ് എതിര്‍പ്പുമായി എത്തുന്നത്. ഇതിനു മുമ്പും ഇത്തരത്തില്‍ നിരവധി പഠനങ്ങള്‍ക്കായി സര്‍ക്കാര്‍ പണം ചിലവാക്കുന്നുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. റിസര്‍ച്ചിനു വേണ്ടി സര്‍ക്കാരിന്റെ പല ഏജന്‍സികള്‍ വഴി ഗവേഷക സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഫണ്ട് ചാണകത്തില്‍ നിന്നും യുറേനിയവും ഗോമൂത്രത്തില്‍ നിന്നും കാന്‍സര്‍ മരുന്നുണ്ടാക്കാനുള്ള പഠനങ്ങള്‍ക്കു വേണ്ടി ചിലവാക്കാനുള്ളതല്ല എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.