ലോകത്തെ ആദ്യത്തെ മലേറിയ വാക്‌സിന്‍ വിതരണം ചെയ്യുന്ന ആഫ്രിക്കയിലെ മൂന്നാമത്തെ രാജ്യമായി കെനിയ

അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഏകദേശം 30,00,000 കുട്ടികള്‍ക്ക് മലേറിയ വാക്‌സിന്‍ എത്തിക്കാനാണ് പദ്ധതി ഇടുന്നത്.

ലോകത്തെ ആദ്യത്തെ മലേറിയ വാക്‌സിന്‍ പുറത്തിറക്കുന്ന ആഫ്രിക്കയിലെ മൂന്നാമത്തെ രാജ്യമായി കെനിയ. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഏകദേശം 3,60,000 കുട്ടികള്‍ക്ക് മലേറിയ വാക്‌സിന്‍ എത്തിക്കാനാണ് പദ്ധതി ഇടുന്നത്.

ഈ വര്‍ഷം തന്നെ ഘാന, മലാവി എന്നിവിടങ്ങളില്‍ മലേറിയ വാക്‌സിന്‍ പുറത്തിറക്കിയിരുന്നു. ഹോമ ബേ പ്രോഗ്രാം എന്ന പേരിലാണ് സര്‍ക്കാര്‍ പുതിയ മലേറിയ വാക്‌സിനെക്കുറിച്ചുള്ള അവബോധം നല്‍കുന്നതിനു വേണ്ടി ആളുകള്‍ക്ക് ക്ലാസ്സുകള്‍ നല്‍കിയിരുന്നത്.

ലോകത്താകമാനം ഓരോ വര്‍ഷവും ഏതാണ്ട് 4,00,000ല്‍ അധികം ആളുകളുടെ മരണത്തിന് ഇടയാക്കുന്ന രോഗമാണ് മലേറിയ. ഇതു മൂലം ഏറ്റവും കൂടുതല്‍ കുട്ടികളാണ് മരണപ്പെടുന്നത്. 2017 ല്‍ മാത്രം 219 ദശലക്ഷം ആളുകള്‍ക്ക് മലേറിയ രോഗം ബാധിക്കുകയും ഇതില്‍ 4,35,000 പേര്‍ മരണപ്പെടുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും കൂടുതല്‍ ബാധിച്ചത് ആഫ്രിക്കയില്‍ ആയിരുന്നു.

അതി മാരകമായ ഈ രോഗത്തിന് വാക്‌സിന്‍ കണ്ടെത്തുന്നതോടെ വലിയൊരു മാറ്റമാണ് സംഭവിക്കുക എന്നാണ് ഗ്ലോബല്‍ ഹെല്‍ത്ത് കറസ്‌പോണ്ടന്റ് ആയ ട്വിലിപ്പ് മസുംദാര്‍ റിപ്പോര്‍ട്ട് ചെയ്തത്.

കൊതുകു ജന്യരോഗമായ മലേറിയ നിയന്ത്രിക്കുന്നതിനു വേണ്ട പ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിന് വേണ്ടി നിര്‍മ്മിച്ചതാണ് മലേറിയ വാക്‌സിന്‍. ഒരു കുഞ്ഞിന് രണ്ടു വയസ്സാകുന്നതിനു മുമ്പായി നാലു ഘട്ടങ്ങളിലായി നാലു ഡോസ് വാക്‌സിന്‍ ആയിരിക്കും നല്‍കുക. ലോകത്തിലെ ഏറ്റവും പ്രായം ചെന്നതും മാരകവുമായ മലേറിയ രോഗത്തെ ഇതുവഴി നിയന്ത്രിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ലോകം.

ലോകത്ത് ഓരോ രണ്ടു മിനിട്ടിലും ഓരോ കുഞ്ഞിന്റെയും മരണത്തിനും കാരണമാക്കിയിരുന്ന രോഗത്തിനാണ് ഇപ്പോള്‍ വാക്‌സിന്‍ കണ്ടെത്തിയിരിക്കുന്നത്.

Content Highlights: Kenya becomes 3rd country to roll out malaria vaccine