പാക് ടി.വി ചാനലുകളിൽ ഇനിമുതൽ ഇന്ത്യയുമായി ബന്ധപ്പെട്ട വാർത്തകൾ കാണിക്കരുതെന്ന് പാകിസ്ഥാൻ അധികൃതർ. പാകിസ്ഥാനിലെ ടെലിവിഷൻ സെൻസർ സമിതിയായ പി.ഇ.എം.ആർ.എ ആണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. വാർത്തകളിൽ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നൽകാൻ പാടില്ലെന്നും, ഇന്ത്യയിൽ നിന്നുള്ള സെലിബ്രിറ്റികൾ, രാഷ്ട്രിയ നേതാക്കൾ, മാധ്യമ പ്രവർത്തകർ, നിരൂപകർ തുടങ്ങിയവരെ ചാനൽ പരിപാടികളിൽ ക്ഷണിക്കരുതെന്നുമാണ് പി.ഇ.എം.ആർ.എയുടെ പ്രധാന നിർദ്ദേശങ്ങൾ.
എന്നാൽ, കാശ്മീരുമായി ബന്ധപ്പെട്ട വാർത്തകൾ കാണിക്കുന്നതിന് ഇത് ബാധകമല്ല. വിഷയത്തിൽ പാകിസ്ഥാന്റെ പരമാധികാരത്തിനെ ചോദ്യം ചെയ്യുന്ന യാതൊന്നും സംപ്രേക്ഷണം ചെയ്യരുതെന്നുമാണ് പി.ഇ.എം.ആർ.എയുടെ ഉത്തരവിൽ പറയുന്നത്.ഓഗസ്റ്റ് 8 നാണ് ഇത്തരമെരു ഉത്തരവ് പി.ഇ.എം.ആർ.എ പുറത്തിറക്കിയതെന്ന് വാർത്ത ഏജൻസിയായ ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്തു. ഏതെങ്കിലും തരത്തിൽ പി.ഇ.എം.ആർ.എയുടെ ഉത്തരവ് ലംഘിക്കുന്നത് സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിക്കുന്നതായി കണക്കാക്കപ്പെടുമെന്നും അധികൃതർ പാക് ചാനലുകൾക്ക് മുന്നറിപ്പ് നൽകിയിട്ടുണ്ട്.