രാഷ്ട്രീയ നേട്ടങ്ങൾക്കായി ജമ്മു കശ്മീരിലെ സ്ത്രീകളുടെ അവകാശ പ്രശ്നങ്ങൾ ആയുധവൽക്കരിച്ചതിന് ഐക്യരാഷ്ട്ര പൊതുസഭയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. സ്ത്രീകൾക്കെതിരെയുള്ള ആവകാശ ലംഘനങ്ങൾക്ക് മതിയായ ശിക്ഷ നൽകാത്ത ഒരു രാജ്യം ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തുന്നത് വിരോധാഭാസമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ പാകിസ്ഥാനെ കുറ്റപ്പെടുത്തിയത്. ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥ പൗലോമി ത്രിപാഠിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ച നടന്ന യുഎൻ പൊതുസഭയുടെ മൂന്നാം കമ്മിറ്റി സമ്മേളനത്തിൽ ‘സ്ത്രീകളുടെ മുന്നേറ്റം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു പൗലോമി ത്രിപാഠി.
ഇസ്ലാമാബാദിന്റെ നയതന്ത്ര പ്രതിനിധി ജമ്മു കശ്മീരിനെക്കുറിച്ച് നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു പൗലോമി. സ്ത്രീ ശാക്തീകരണവും ലിംഗസമത്വവും സാക്ഷാത്കരിക്കുവാൻ ഞങ്ങൾ കൂട്ടായി പരിശ്രമിക്കുമ്പോൾ വെറും രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി സ്ത്രീകളുടെ അവകാശ പ്രശ്നങ്ങൾ ആയുധവത്കരിക്കുകയാണ് പാക്കിസ്ഥാൻ ചെയ്യുന്നത്. അത് അംഗീകരിക്കാൻ കഴിയില്ലെന്നും അവർ കമ്മറ്റിയിൽ വ്യക്തമാക്കി. ആദ്യ വനിതാ പ്രസിഡന്റ് വിജയ ലക്ഷ്മി പണ്ഡിറ്റ് മുതൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയിലെ വനിതാ ശാസ്ത്രജ്ഞർ വരെയുള്ള ഇന്ത്യൻ സ്ത്രീകൾ പലർക്കും പ്രചോദനമായിരുന്നു എന്നും പൗലോമി ചൂട്ടിക്കാട്ടുന്നു.
Content Highlights: India slams Pakistan for ‘weaponizing’ women’s rights issues at UNGA