പൗരാണിക കാലം മുതലുള്ള ബന്ധത്തിനപ്പുറം ഇന്ത്യയും സൗദി അറേബ്യയും ഇനിമുതൽ തന്ത്രപ്രധാന പങ്കാളികൾ കൂടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച റിയാദിൽ ആരംഭിച്ച ആഗോള നിക്ഷേപക സംഗമത്തിന്റെ പ്ലീനറി സെഷനിലെ മുഖ്യപ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇതിനായി രൂപം കൊടുത്ത കൗൺസിലിന്റെ പ്രവർത്തനത്തിന് ചൊവ്വാഴ്ച തന്നെ തുടക്കം കുറിച്ചെന്നും മോദി വ്യക്തമാക്കി. സൌദിയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ ശക്തമായ അടിത്തറയിൽ നിന്നാണ് പുതിയ തന്ത്രപ്രധാന പങ്കാളിത്തം പടുത്തുയർത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സൗദി അറേബ്യയുടെ ദേശീയ പരിവർത്തന പദ്ധതിയായ ‘വിഷന്‍ 2030’മായി ഇന്ത്യ കൈകോർക്കുമെന്നും എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ച് സമ്പൂർണ തലത്തിലുള്ള സഹകരണത്തിന് ഇന്ത്യ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദിയുടെ മുതൽ മുടക്കോടെ ഇന്ത്യയിൽ നിർമിക്കാനിരിക്കുന്ന വെസ്റ്റ് കോസ്റ്റ് റിഫൈനറി പദ്ധതി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റിഫൈനറിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇന്ത്യയിലെ എല്ലാ മേഖലകളിലും ഏകീകൃത സംവിധാനം കൊണ്ടുവരുമെന്നും ‘സ്കിൽ ഇന്ത്യ’ പദ്ധതിയിലൂടെ അടുത്ത മൂന്ന്, നാല് വര്‍ഷത്തിനുള്ളിൽ 40 ലക്ഷം പേർക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുമെന്നും വ്യക്തമാക്കി.
ആഗോള താപനം, പരിസ്ഥിതി മലിനീകരണം, ഊര്‍ജ ഉപഭോഗം എന്നിവ ലോകം നേരിടുന്ന ഭീഷണികളാണ്. അതുകൊണ്ടുതന്നെ കേവലം സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ചർച്ചകളിൽ മാത്രമായി ഈ സമ്മേളനം ഒതുങ്ങിപ്പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്ച രാത്രി റിയാദിലെത്തിയ മോദി സൗദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, വിവിധ വകുപ്പ് മന്ത്രിമാർ എന്നിവരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ചൊവ്വാഴ്ച രാത്രിയാണ് മടങ്ങിയത്.
Content Highlights: India and Saudi Arabia are to set-up a strategic partnership.