ശരത് അരവിന്ദ് ബോബ്ഡെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

S A Bobde

ഇന്ത്യയുടെ 47-ാം മത് ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്ഡെ ചുമതലയേറ്റു. ഇന്ന് രാവിലെ 9.30 ന് രാഷ്ടപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ടപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്, സുപ്രീം കോടതി ജഡ്ജിമാര്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.

അയോധ്യ, ശബരിമല തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ ഇനിയുള്ള നിയമ പോരാട്ടങ്ങള്‍ പുതിയ ചീഫ് ജസ്റ്റിസിനു കീഴിലാകും. 30 കേസുകളാണ് നാളെ ചീഫ് ജസ്റ്റിസിന് മുമ്പാകെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 40 വര്‍ഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം ഇന്നലെ വിരമിച്ച രജ്ഞന്‍ ഗോഗോയ് ആണ് പുതിയ ചീഫ് ജസ്റ്റിസായി ബോബ്ഡെയുടെ പേര് നിര്‍ദേശിച്ചത്.

മുതിര്‍ന്ന അഭിഭാഷകനായിരുന്ന അരവിന്ദ് ശ്രീനിവാസ് ബോബ്‌ഡെയുടെ മകനാണ് ശരത് അരവിന്ദ് ബോബ്‌ഡെ. 1956 ഏപ്രില്‍ 24ന് മഹാരാഷ്ടയിലെ നാഗ്പൂരിലാണ് അദ്ദേഹം ജനിച്ചത്. നാഗ്പുര്‍ സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം പൂര്‍ത്തിയാക്കി 1978-ലാണ് അഭിഭാഷകവൃത്തി തുടങ്ങിയത്. 1998-ല്‍ മുതിര്‍ന്ന അഭിഭാഷക പദവി ലഭിച്ച ബോബ്‌ഡെ 2000 മാര്‍ച്ച് 29 ന് ബോംബെ ഹൈക്കോടതി ജഡ്ജിയായി. 2012-ല്‍ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2013 ഏപ്രില്‍ 12-നാണ് സുപ്രീംകോടതിയിലെത്തിയത്.

Content highlights; Sharath Aravind Bobde takes oath as chief justice