പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. മാണ്ഡി ഹൗസിലേക്കു നടത്തിയ പ്രതിഷേധ മാർച്ചിനിടെ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരടക്കം നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, ആനി രാജ തുടങ്ങിയവരും അറസ്റ്റിലായി. ഡൽഹിയിൽ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ നിർത്തിവെയ്ക്കാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
പൗരത്വ നിയമത്തിനെതിരെ ഇടത് പാർട്ടികൾ ആഹ്വാനം ചെയ്ത ഹർത്താലിന് പോലീസ് അനുമതി നൽകിയിരുന്നില്ല. മാത്രവുമല്ല മാർച്ച് തടയുന്നതിനുള്ള നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. ഇത് ലംഘിച്ചതിനെ തുടർന്നാണ് പോലീസ് അറസ്റ്റ് ഉണ്ടായത്.
നിരാേധനാജ്ഞയ്ക്കിടയിലും നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തി. മാർച്ചിൽ പങ്കെടുത്ത നേതാക്കള്‍ അടക്കമുള്ളവരെ പോലീസ് ബലം പ്രയോഗിച്ചു കസ്റ്റഡിയില്‍ എടുക്കുകയും യെച്ചൂരിയോടും മറ്റ് നേതാക്കളോടും വളരെ മോശമായി പോലീസ് പെരുമാറുകയും ചെയ്തു. പ്രക്ഷോഭ സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയിലെ 14 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. കർണാടകയിൽ ബംഗളൂരു ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ ശനിയാഴ്ച അർധരാത്രിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് അറിയിച്ചു.
Content Highlight: CAA protests, CPM leaders arrested