നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ജാര്‍ഖണ്ഡ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവ രാജിവെച്ചു. ഝാർഖണ്ഡിലെ ചക്രധർപൂരിൽ മത്സരിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ ലക്ഷ്മൺ ഗിലുവ വൻ തോൽവിയാണ് ഏറ്റുവാങ്ങിയത്. ഗോത്രമേഖലകളിൽ നിന്നുള്ള ജനരോഷമടക്കം ഏറ്റുവാങ്ങി ബിജെപി വൻ തോൽവിയിലേക്കാണ് നീങ്ങിയത്. 81 അംഗ നിയമസഭയില്‍ ബിജെപിക്ക് 25 സീറ്റേ നേടാനായുള്ളൂ. 47 സീറ്റ് നേടിയ ജെ.എംഎം-കോണ്‍ഗ്രസ് -ആര്‍.ജെ.ഡി മഹാസഖ്യം സ്ഥാനത്ത് അധികാരം നേടി. ജെ.വി.എമ്മിന്റെ മൂന്ന് അംഗങ്ങള്‍ കൂടി മഹാസഖ്യത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതോടെ, ഭരണമുന്നണിയുടെ അംഗസംഖ്യ 50 ആയി.
നിയമസഭ തെരഞ്ഞെടുപ്പില്‍ ലക്ഷ്മണ്‍ ഗിലുവയും ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ രഘുബര്‍ ദാസും പരാജയപ്പെട്ടിരുന്നു. ജെ.എം.എം സ്ഥാനാര്‍ത്ഥി സുഖ്‌റാം ഓറാനോട് 12,234 വോട്ടുകള്‍ക്കാണ് ഗിലുവ പരാജയപ്പെട്ടത്. ഡിസംബർ 7-ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ പൗരത്വ നിയമഭേദഗതി പാർലമെന്‍റിൽ പാസ്സാക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് നടന്ന മണ്ഡലമാണ് ഇത്. പൗരത്വ നിയമഭേദഗതിയോടൊപ്പം പ്രാദേശിക എതിർപ്പും ബിജെപിയുടെ തോൽവിക്ക് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
Content Highlight: Jharkhand bjp president resigns after the defeat in assembly elections