അസമില്‍ ബി.ജെ.പി എം.എല്‍.എയുടെ നേതൃത്വത്തില്‍ 426 മുസ്‍ലിം കുടുംബങ്ങളുടെ വീടുകള്‍ തകര്‍ത്തു

426 muslim families evicted from assam

അസമിൽ ബിജെപിക്ക് വോട്ടുചെയ്തില്ലെന്ന് ആരോപിച്ച് 426 മുസ്ലീം കുടുംബങ്ങളെ താമസിക്കുന്ന വീട്ടില്‍ നിന്ന് കുടിയിറക്കിവിട്ടു. 26 കുടുംബങ്ങളില്‍ നിന്നായി 1800 ഓളം പേരെയാണ് ജില്ലാ ഭരണകൂടം കൊടും തണുപ്പില്‍ തെരുവിലേക്ക് തള്ളിയിറക്കിയത്. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ രാജ്യത്ത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതിനെതിരെ പ്രതിഷേധം കത്തിപ്പടരുന്ന സന്ദർഭത്തിലാണ് ഇങ്ങനെയൊരു സംഭവം.

ജമാഅത്തെ ഇസ്‍ലാമി ഹിന്ദിന്റെ ദേശീയ സെക്രട്ടറി മുഹമ്മദ് അഹ്മദിന്റെ നേതൃത്വത്തിലുള്ള സംഘം കുടുംബങ്ങളെ സന്ദര്‍ശിച്ചപ്പോഴാണ് ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. പ്രദേശത്തെ എംഎല്‍എയായ പദ്മഹസാരികയാണ് ഇതിന് പിന്നിലെന്ന് മുഹമ്മദ് അഹ്മദ് പറഞ്ഞു. തനിക്ക് വോട്ടുചെയ്യുന്നവരല്ലെന്ന് ആരോപിച്ചാണ് എംഎല്‍എ ഇവരെ വീട്ടിൽ നിന്നും പിടിച്ചിറക്കിവിട്ട് വീടുകള്‍ തകര്‍ത്തത്.

‌കുടിയൊഴിപ്പിക്കലിനുശേഷം 426 കുടുംബങ്ങൾ രണ്ട് താൽക്കാലിക ക്യാമ്പുകളിലാണ് ഇപ്പോൾ കഴിയുന്നത്. ഭക്ഷണമോ കൊടുംതണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രമോ ഇല്ലാതെയാണ്  കുടുംബങ്ങള്‍ ദുരിതജീവിതം നയിക്കുന്നത്. ഇതുവരെ ഒരു സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ മനുഷ്വാവകാശ പ്രവര്‍ത്തകർ ആരും തന്നെ ഇവരെ സന്ദര്‍ശിച്ചിട്ടില്ല. ക്യാമ്പുകളിലുള്ള മുഴുവന്‍ പേരും ഇന്ത്യന്‍ പൗരന്മാരാണെന്നും അവരുടെ പേരുകൾ എൻ‌.ആർ.‌സി പട്ടികയിലുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ന്യൂനപക്ഷ സമുദായത്തിൽ പെട്ടവരായതു കൊണ്ടും ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തതുകൊണ്ടുമാണ് വീടുകൾ തകർത്തതെന്നാണ് ആരോപണം.

Content Highlight; Muslim families evicted by bjp MLA in Assam